ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി അജാസ് പട്ടേൽ; ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ജിം ലോക്കറിനും കുംബ്ലെക്കും പിൻഗാമി
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി (Ten Wickets in Innings) ചരിത്രമെഴുതി ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പട്ടേൽ (Ajaz Patel). ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തം പേരിലാക്കിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ചരിത്രമെഴുതി ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പട്ടേൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും സ്വന്തം പേരിലാക്കിയത്.
ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ. മുംബൈയിൽ ജനിച്ച് എട്ടാം വയസ്സിൽ ന്യൂസീലൻഡിലേക്ക് കുടിയേറിയ താരമാണ് അജാസ് പട്ടേൽ. ജനിച്ച നഗരത്തിൽ ജന്മനാടിനെതിരെയാണ് ഈ അപൂർവ നേട്ടമെന്നത് പ്രകടനത്തിന്റെ മാറ്റ് കൂട്ടുന്നു.
1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായിരുന്നു. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.
അജാസിന്റെ മിന്നും പ്രകടനത്തിന്റെ സഹായത്തോടെ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റൺസിന് പുറത്തായത്.
ആദ്യ ദിനത്തില്‍ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ പുറത്താക്കിക്കൊണ്ടാണ് അജാസ് പട്ടേൽ ചരിത്ര നേട്ടത്തിലേക്ക് ചുവടുവെച്ചത്. പിന്നാലെ പൂജാരയെയും കോഹ്ലിയെയും അജാസ് പവലിയനിലേക്ക് മടക്കി. ഒരു വശത്ത് മായങ്ക് അഗർവാൾ പൊരുതി നിന്നപ്പോഴും ശേയസ് അയ്യരിനെ മടക്കി നാലാം വിക്കറ്റും അജാസ് സ്വന്തമാക്കി.
രണ്ടാം ദിനം കളി ആരംഭിച്ച ഉടൻ തന്നെ സാഹയെയും അശ്വിനെയും അജാസ് മടക്കി. അപ്പോഴും പത്ത് വിക്കറ്റ് നേട്ടം അജാസ് സ്വന്തമാക്കുമെന്ന് ആരും കരുതിയില്ല. 150 റൺസ് നേടിയ മായങ്ക് അഗർവാളിനെ പുറത്താക്കിയതോടെയാണ് അജാസ് ചരിത്രനേട്ടത്തിലേക്കാണ് യാത്ര ചെയ്യുന്നതെന്ന് കമന്റേറ്റർമാർ അടക്കം പറഞ്ഞത്. അടുത്ത മൂന്നു വിക്കറ്റും അതിവേഗത്തിൽ സ്വന്തമാക്കി ജനിച്ച മണ്ണിൽ പുതിയ ചരിത്രം കുറിക്കുകയായിരുന്നു അജാസ്.
What's Your Reaction?