മഹാരാഷ്ട്രയില്‍ ചെങ്കൊടിയേന്തി ശിവസേനക്കാര്‍, നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേക്ക്

Oct 14, 2019 - 19:30
 0
മഹാരാഷ്ട്രയില്‍ ചെങ്കൊടിയേന്തി ശിവസേനക്കാര്‍, നേതാക്കളും പ്രവർത്തകരും സിപിഎമ്മിലേക്ക്

പാല്ഘട്: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള് മാത്രമാണ് ബാക്കി നില്ക്കുന്നത്. മഹാരാഷ്ട്രയില് സിപിഎം വലിയ രാഷ്ട്രീയ ശക്തിയല്ല. എന്നാല് ഇപ്പോള് ഭരണകക്ഷിയായ ശിവസേനയെ ഞെട്ടിച്ചിരിക്കുകയാണ് സിപിഎം.പാല്ഘട് ജില്ലയില് ശിവസേന നേതാക്കള് കൂട്ടത്തോടെ സിപിഎമ്മില് ചേര്ന്നതായി റിപ്പോര്ട്ടുകള്. പാല്ഘടിലെ വന് ഗ്രാമങ്ങളായ അംബേസരിയില് നിന്നും നാഗ് സരിയില് നിന്നുമാണ് ശിവസേനക്കാര് കൂട്ടമായി പാര്ട്ടി വിട്ട് ചെങ്കൊടിയേന്തിയത്. കര്‍ഷക ആത്മഹത്യങ്ങള്‍ നിത്യസംഭവങ്ങളായ മഹാരാഷ്ട്രയില്‍ കര്‍ഷക സമരങ്ങള്‍ ഏറ്റെടുത്താണ് സിപിഎം വേരുപിടിച്ച് തുടങ്ങുന്നത്. ഒരു കാലത്ത് സിപിഎമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന മഹാരാഷട്രയില്‍ പിന്നീട് ശിവസേനയും ബിജെപിയും ചുവടുറപ്പിക്കുകയായിരുന്നു. താഴെത്തട്ടില്‍ കര്‍ഷകരുടേയും ദളിതരുടേയും ആദിവാസികളുടേയും പ്രശ് നങ്ങള്‍ ഏറ്റെടുത്ത് തിരിച്ച് വരവിനുളള പാത തുറക്കുകയാണ് സിപിഎം. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകരുടെ ലോംഗ് മാര്‍ച്ച് അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. സര്‍ക്കാരിനെ മുട്ട് കുത്തിച്ച കര്‍ഷക സമരങ്ങള്‍ സിപിഎമ്മിന് സംസ്ഥാനത്ത് രാഷ്ട്രീയ അടിത്തറ കൂടിയാവുകയാണ് എന്ന് തെളിയിക്കുന്നതാണ് ശിവസേന നേതാക്കളുടെ വരവ്. അംബേസരിയിലേയും നാഗ് സരിയിലേയും ആദിവാസി നേതാക്കളാണ് സിപിഎമ്മിലെത്തിയത്. അംബേസരിയില്‍ ചേര്‍ന്ന വന്‍ പൊതുയോഗത്തില്‍ 50 ശിവസേന നേതാക്കള്‍ സിപിഎം അംഗത്വമെടുത്ത് ചെങ്കൊടിയേന്തി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. അശോക് ധവാലെ, മറിയം ധവാലെ, നിക്കോള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിവസേന നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മിലെത്തിയത്. ധഹാനു മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി. അംബേസരിയിലേയും നാഗ് സരിയിലേയും പഞ്ചായത്ത് അംഗങ്ങളായ വിജയ് നാഗ്രേ, മുന്‍ പഞ്ചായത്ത് അംഗങ്ങളായ വസന്ത് വസവ് ല, ധുലുറാം ടണ്ഡല്‍ അടക്കമുളളവരും പ്രവര്‍ത്തകരുമാണ് സിപിഎമ്മിലെത്തിയത്. ഒക്ടോബര്‍ 16ന് ധഹനുവിലും തലസാരിയിലും സിപിഎം വന്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് യോഗത്തില്‍ പങ്കെടുക്കും. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവായ വിനോദ് നിക്കോളയാണ് ധഹാനു മണ്ഡലത്തില്‍ നിന്നുളള സിപിഎം സ്ഥാനാര്‍ത്ഥി. ധഹാനുവില്‍ കോണ്‍ഗ്രസ്, എന്‍സിപി, ബഹുജന്‍ വികാസ് അഘാടി, ലോക് ഭാരതി കഷ്ടകാരി സംഘടന എന്നിവയുടെ പിന്തുണ സിപിഎം സ്ഥാനാര്‍ത്ഥിക്കുണ്ട്.. മഹാരാഷ്ട്രയില്‍ നാല് സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ ഭാഗമാണ് സിപിഎം. ധഹാനു കൂടാതെ സോലപൂര്‍ സെന്‍ട്രല്‍, നാസിക് വെസ്റ്റ്, കലവാന്‍ മണ്ഡലങ്ങളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഈ മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് സ്ഥാനാര്‍ത്ഥികളുണ്ട്. സിപിഎം സൗഹൃദ മത്സരത്തിനാണ് ഇവിടെ ഇറങ്ങിയിരിക്കുന്നത്. സോലാപൂരില്‍ മുന്‍ എംഎല്‍എ നര്‍സയ്യ അദാം, നാസിക് വെസ്റ്റില്‍ സിഎല്‍ കരാഡ്, കലവാനില്‍ ജെപി ഗാവിറ്റ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍

What's Your Reaction?

like

dislike

love

funny

angry

sad

wow