കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതി.

Jan 25, 2022 - 20:22
 0
കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതി.
കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ ആരംഭിച്ച ബയോ മൈനിങ് പദ്ധതി കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു. എംഎൽഎമാരായ ഡോ. സുജിത് വിജയൻപിള്ള, എം. മുകേഷ്. ഡപ്യൂട്ടി മേയർ കൊല്ലം മധു, ഗീതാ കുമാരി, എസ്. ജയൻ, ഹണി ബഞ്ചമിൻ തുടങ്ങിയവർ സമീപം.

ബയോ മൈനിങ് പ്രക്രിയയിലൂടെ കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല സംസ്കരണം തുടങ്ങി. കേരളത്തിലെ ആദ്യ സമ്പൂർണ ബയോ മൈനിങ് പദ്ധതിയാണ് ഇത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് ബയോ മൈനിങ് രീതിയിൽ മാലിന്യം സംസ്കരിക്കുന്നത്. പ്ലാസ്റ്റിക്, മറ്റു ജ്വലന സാധ്യതയുള്ള വസ്തുക്കൾ എന്നിവ വേർതിരിച്ചു സിമന്റ് കമ്പനികളുടെ ചൂളകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതിനു കൈമാറും

ദക്ഷിണ കൊറിയയിൽ നിന്നുള്ള നൂതന സാങ്കേതിക വിദ്യയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചു മണ്ണിലെ മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള അംശങ്ങൾ വേർതിരിച്ചെടുക്കും. പ്ലാസ്റ്റിക്കിനു പുറമേ കല്ല്, മണ്ണ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾ, തുണി, ടയർ, തടി, ചില്ല്, ചെരിപ്പ് എന്നിവയുടെ അംശങ്ങളും വേർതിരിച്ചു സംസ്കരിക്കും. പതിറ്റാണ്ടുകളായി കുന്നുകൂടി കിടക്കുന്ന മാലിന്യം ഇളക്കി, രോഗകാരികളായ ബാക്ടീരിയകളെ പരമാവധി ഇല്ലാതാക്കുന്നതിന് പ്രത്യേക ഇനോക്കുലം കലർത്തിയ വെള്ളം തളിച്ച ശേഷമാണ് തരം തിരിക്കുന്നത്.

ഈ മാസം ആദ്യം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയിരുന്നു. മാലിന്യസംസ്കരണത്തിനു കോർപറേഷൻ പല പദ്ധതികളും നേരത്തെ ആവിഷ്കരിച്ചെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. 1.04 ലക്ഷം ക്യുബിക് മീറ്റർ മാലിന്യം നീക്കുന്നതിനു പലതവണ ടെൻഡർ പൂർത്തിയാക്കിയെങ്കിലും ജോലി ആരംഭിക്കാൻ കഴിഞ്ഞില്ല. മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികൾ സമരസമിതി രൂപീകരിച്ചു സമരം നടത്തിവരുകയും ദേശീയ ഹരിത ട്രൈബ്യൂണലിനെ ഉൾപ്പെടെ സമീപിക്കുകയും ചെയ്തിരുന്നു.

അതിന്റെ വിജയം കൂടിയാണ് ഇപ്പോൾ ആരംഭിച്ച ബയോ മൈനിങ്, തമിഴ്നാട് ഈ റോഡ് ആസ്ഥാനമായുള്ള സിഗ്മ ഗ്ലോബൽ എൻവറോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ആറ് ആൾ ഉയരത്തിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം വേർതിരിച്ചു സംസ്കരിക്കുന്നത്. 5.47 ഏക്കർ സ്ഥലത്തെ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം സംസ്കരിക്കുന്നതിന് 11. 85 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. മേയർ പ്രസന്ന ഏണസ്റ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷത വഹിച്ചു.

മാലിന്യം കൊണ്ടുപോകുന്നതിന്റെ ഫ്ലാഗ് ഓഫും മേയർ നിർവഹിച്ചു. എംഎൽഎ മാരായ എം. മുകേഷ്, ഡോ. സുജിത്ത് വിജയൻ പിള്ള, സ്ഥിരസമിതി അധ്യക്ഷരായ യു. പവിത്ര, എസ്.ഗീതാകുമാരി, എസ്. ജയൻ, ജി.ഉദയകുമാർ, ഹണി ബെഞ്ചമിൻ, എ.കെ.സവാദ്, എസ്. സവിത ദേവി, ഡിവിഷൻ കൗൺസിലർ ശ്രീലത, കോർപറേഷൻ സെക്രട്ടറി പി.കെ.സജീവ്, സൂപ്രണ്ടിങ് എൻജിനീയർ എം.എസ്.ലത, അഡീഷനൽ സെക്രട്ടറി എ.എസ്. ശ്രീകാന്ത്, പൊല്യുഷൻ കൺട്രോൾ ബോർഡ് ജില്ലാ എൻവയൺമെന്റൽ എൻജിനീയർ പി.സിമി, സിഗ്മ ഡയറക്ടർ നാഗേഷ് പ്രഭു, കോർപറേഷൻ ഹെൽത്ത് സൂപ്പർവൈസർ എം. ആർ. രാംകുമാർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow