നാദാപുരത്ത് റാഗിന്‍റെ പേരിൽ വിദ്യാർഥിയുടെ ചെവിക്കല്ല് അടിച്ചുതകർത്തു: എട്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
നാദാപുരത്ത് റാഗിങ്ങിനിടെ കോളജ് വിദ്യാര്‍ഥിയുടെ ചെവിക്കല്ല് അടിച്ചുതകർത്തതായി പരാതി. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി പറയുന്നു.
നാദാപുരത്ത് റാഗിങ്ങിനിടെ കോളജ് വിദ്യാര്‍ഥിയുടെ ചെവിക്കല്ല് അടിച്ചുതകർത്തതായി പരാതി. നാദാപുരം എംഇടി കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി പറയുന്നു. 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടു സീനിയർ വിദ്യാർഥികളെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മാസം 26നാണ് അതിക്രൂരമായ റാഗിങ് അരങ്ങേറിയത്. എന്നാൽ റാഗിങ് നടന്നിട്ടില്ലെന്നായിരുന്നു കോളേജ് അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. നിലവില്‍ കോളജിന്റെ ആന്റിറാഗിങ് സെല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. റാഗിങ്ങിനെതിരെ നാദാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും കോളജിലെ ആന്റിറാഗിങ് സെല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
അതിനിടെ കുറ്റ്യാടിയിലും വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. പാലേരി ഐഡിയൽ കോളജ് ഓഫ് ആർട്സ് സയൻസിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥി ചെറുവോട്ട് മീത്തൽ നവാസിന്റ മകൻ നിജാസ് അഹമ്മദിനെ റാഗ് ചെയ്ത് മർദ്ദിച്ചെന്നാണ് പരാതി.
ഇന്നലെ വൈകിട്ട് കോളജ് വിട്ട് ഗ്രൗണ്ടിൽ വോളിബോൾ കളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. സീനിയർ വിദ്യാർത്ഥികളായ ആറ് പേർ മർദ്ദിക്കുകയും മഴയത്ത് നിർത്തുകയും ചെയതെന്നാണ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി ചെറുവോട്ട് മീത്തൽ നിജാസ് അഹമ്മദ് പറയുന്നത്.
തലക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ഏറെ നേരം മർദ്ദിച്ച സ്ഥലത്ത് നിർത്തുകയും ചെയ്തു. പിന്നീട് കരഞ്ഞ് പറഞ്ഞതോടെയാണ് വിട്ടയച്ചത്.
വീട്ടിലെത്തി കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും രാത്രിയോടെ ഛർദി കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
നിജാസ് അഹമ്മദ് ഇപ്പോൾ വീട്ടിലെത്തി വിശ്രമത്തിലാണ്. മർദ്ദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാർ ആവശ്യപ്പെടുന്നത്. കുറ്റ്യാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
What's Your Reaction?