ശ്രീനഗറില്‍ ഭക്ഷ്യ സംസ്‌കരണകേന്ദ്രം സ്ഥാപിക്കാൻ ലുലു ഗ്രൂപ്പുമായി ജമ്മു കശ്മീര്‍ സർക്കാർ ധാരണാപത്രം ഒപ്പുവച്ചു

ശ്രീനഗറില്‍ (Srinagar) ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാന്‍ മലയാളി വ്യവസായി എം എ യൂസഫലിയുടെ (MA Yusuff Ali) ലുലു ഗ്രൂപ്പുമായി ജമ്മു കശ്മീര്‍ സർക്കാർ ധാരണാപത്രം (MoU - Memorandum of Understanding) ഒപ്പുവെച്ചു

Jan 6, 2022 - 20:02
 0

ശ്രീനഗറില്‍ (Srinagar) ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്സ് ഹബ് സ്ഥാപിക്കാന്‍ മലയാളി വ്യവസായി എം എ യൂസഫലിയുടെ (MA Yusuff Ali) ലുലു ഗ്രൂപ്പുമായി ജമ്മു കശ്മീര്‍ സർക്കാർ ധാരണാപത്രം (MoU - Memorandum of Understanding) ഒപ്പുവെച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശത്തിലെ ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എസ്.എച്ച്. രഞ്ജന്‍ പ്രകാശ് താക്കൂറും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലിയും ചേർന്ന് ജനുവരി അഞ്ചിന് ബുധനാഴ്ചയാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

ദുബായിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജമ്മു കശ്മീര്‍ പ്രമോഷന്‍ വീക്കിന്റെ ഉദ്‌ഘാടന കർമം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിർവഹിച്ചു. ജമ്മു കശ്മീരും ദുബായിയും തമ്മിലുള്ള സഹകരണവും ജമ്മു കശ്മീരും ലുലു ഗ്രൂപ്പുമായുള്ള പങ്കാളിത്തവും കൂടുതല്‍ വിപുലീകരിക്കാൻ ഈ ധാരണാപത്രത്തിലൂടെ കഴിയുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. ''ദീര്‍ഘകാലമായി തുടരുന്നതും ആഴത്തില്‍ വേരൂന്നിയതുമായ ബന്ധമാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇരു രാഷ്ട്രങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യാപാരവും സമീപ വർഷങ്ങളിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്'', ലെഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തമാക്കി.

''ലോകപ്രശസ്തമായ, ജിഐ ടാഗോടുകൂടിയ കുങ്കുമപ്പൂവ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജമ്മു കശ്മീരും ദുബായിയും തമ്മിലുള്ള സഹകരണത്തെ ഉത്തേജിപ്പിക്കുന്ന ഒരു പ്രധാന ചുവടുവയ്പ്പായി ഞാന്‍ ഇതിനെ കാണുന്നു. ലുലു ഗ്രൂപ്പ് ഇതിനകം ജമ്മു കശ്മീരില്‍ നിന്ന് കുങ്കുമപ്പൂവിനൊപ്പം ആപ്പിളുകളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഞങ്ങള്‍ കശ്മീരിലെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജനങ്ങളും അതിനോടൊപ്പം ചേര്‍ത്തുവെയ്ക്കുന്നു. ഈ പുതിയ തുടക്കം നമ്മുടെ വ്യാപാരത്തെ അഭൂതപൂര്‍വമായ തലത്തിലേക്ക് ഉയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്'', ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

"കോവിഡ്-19 ഉയർത്തിയ വെല്ലുവിളികള്‍ക്കിടയിലും ജമ്മു കശ്മീരും ദുബായും തമ്മിലുള്ള വ്യാപാരം ഏറ്റക്കുറച്ചിലുകളില്ലാതെ തുടരുന്നു. നമ്മുടെ സാമ്പത്തിക ബന്ധങ്ങളുടെ ആഴത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്'', ലഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. ഈജിപ്തിലെയും ഗൾഫ് രാജ്യങ്ങളിലെയും 190 ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഷോപ്പർമാരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ ജമ്മു കശ്മീരിനെ സഹായിക്കുന്നതാണ് കഴിഞ്ഞ ദിവസം ഒപ്പുവെച്ച ധാരണാപത്രം.

ഇന്ത്യയില്‍ കുങ്കുമപ്പൂവ്, ആപ്പിള്‍, വാല്‍നട്ട്, ബദാം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ജമ്മു കശ്മീര്‍. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കശ്മീരി ഉത്പന്നങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കും. കശ്മീരില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനായി ആധുനിക രീതിയിലുള്ള ഭക്ഷ്യസംസ്‌കരണ കേന്ദ്രമാണ് ശ്രീനഗറില്‍ ലുലു ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഏതാണ്ട് മുന്നൂറോളം കശ്മീരി യുവാക്കള്‍ക്ക് ഇതിന്റെ ഭാഗമായി തൊഴിലവസരം ലഭിക്കുകയും ചെയ്യും

What's Your Reaction?

like

dislike

love

funny

angry

sad

wow