ഇന്ത്യൻ തപാൽ ബാങ്കിനു തുടക്കം, കേരളത്തിൽ 14 ശാഖ

രാജ്യത്തെ ബാങ്കിങ് മേഖലയുടെ ചരിത്രത്തിൽ ഇന്നു വഴിത്തിരിവ്: ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഇന്നു പ്രവർത്തനം ആരംഭിക്കുന്നു. കേരളത്തിൽ 14 എണ്ണം ഉൾപ്പെടെ 650 ശാഖകളുമായി ആരംഭിക്കുന്ന ‘പോസ്‌റ്റ് ബാങ്ക്’ ഡിസംബർ 31നു മുമ്പ്

Sep 1, 2018 - 19:55
 0
ഇന്ത്യൻ തപാൽ ബാങ്കിനു തുടക്കം, കേരളത്തിൽ 14 ശാഖ

കൊച്ചി ∙ രാജ്യത്തെ ബാങ്കിങ് മേഖലയുടെ ചരിത്രത്തിൽ ഇന്നു വഴിത്തിരിവ്: ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) ഇന്നു പ്രവർത്തനം ആരംഭിക്കുന്നു. കേരളത്തിൽ 14 എണ്ണം ഉൾപ്പെടെ 650 ശാഖകളുമായി ആരംഭിക്കുന്ന ‘പോസ്‌റ്റ് ബാങ്ക്’ ഡിസംബർ 31നു മുമ്പ് 1,55,000 തപാൽ ഓഫിസുകളിലേക്കു സാന്നിധ്യം വ്യാപിപ്പിക്കാനാണു ലക്ഷ്യമിടുന്നത്.

അതോടെ 100% സാമ്പത്തിക സാക്ഷരതയിലേക്കുള്ള പാതയിൽ രാജ്യത്തിനു വലിയ മുന്നേറ്റമാണുണ്ടാകുക. ഏറ്റവും കൂടുതൽ ബാങ്ക് ശാഖകളുള്ള രാജ്യം എന്ന ബഹുമതിയും ഇന്ത്യയ്‌ക്കു കൈവരും. നിലവിൽ 1,40,000 ബാങ്ക് ശാഖകളാണുള്ളത്. ഇത് 2,95,000 ആകും. രാജ്യത്തെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും ബാങ്കിങ് സേവനങ്ങൾ ലഭ്യമാകുമെന്നതാണു മറ്റൊരു നേട്ടം. ഇപ്പോൾ എല്ലാ ബാങ്കുകൾക്കുമായി 49,000 മാത്രമാണു ഗ്രാമീണ ശാഖകൾ. ഇത് 1,75,000 ആകും.

സ്വകാര്യ മേഖലയിലേതുൾപ്പെടെ ഏതു വാണിജ്യ ബാങ്കും വാഗ്‌ദാനം ചെയ്യുന്ന അത്യാധുനിക സേവനങ്ങൾ നൽകാൻ സജ്‌ജമായാണു പോസ്‌റ്റ് ബാങ്ക് ആരംഭിക്കുന്നത്. കൗണ്ടർ സേവനങ്ങൾക്കു പുറമെ ഡിജിറ്റൽ സേവനങ്ങളും മൊബൈൽ ആപ് തുടങ്ങിയ ചാനലുകളും ലഭ്യമായിരിക്കും. അക്കൗണ്ട് ഉടമകൾക്കു ലഭ്യമാക്കുന്ന ‘ക്യൂആർ കാർഡ്’ (ക്വിക് റെസ്‌പോൺസ് കാർഡ്) പോസ്‌റ്റ് ബാങ്കിന്റെ സവിശേഷതയാണ്. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഒന്നും ഓർത്തുവയ്‌ക്കാതെതന്നെ ബാങ്ക് ഇടപാടുകളും ഷോപ്പിങ്ങും നടത്താൻ സഹായിക്കുന്ന സംവിധാനമാണു ക്യൂആർ കാർഡ്. ബയോമെട്രിക് കാർഡായതിനാൽ നഷ്‌ടപ്പെട്ടാലും അക്കൗണ്ടിലെ പണം സുരക്ഷിതമായിരിക്കും.

സേവനങ്ങൾ ഇടപാടുകാരുടെ വാതിൽപ്പടിയിൽ ലഭ്യമാക്കുന്നുവെന്നതും സവിശേഷതയാണ്. മൂന്നു ലക്ഷത്തോളം വരുന്ന തപാൽ ജീവനക്കാരെയാണ് ഇതിനു നിയോഗിക്കുന്നത്. ഫീസ് ഈടാക്കിയാണു വാതിൽപ്പടി സേവനം. രണ്ടു വർഷത്തിനകം ബാങ്ക് ലാഭത്തിലെത്തുമെന്നാണു പ്രതീക്ഷ. വായ്‌പ നൽകില്ലെന്നതിനാൽ മറ്റു ബാങ്കുകൾ നേരിടുന്ന കിട്ടാക്കടം എന്ന പ്രശ്‌നം ഐപിപിബിയെ ബാധിക്കില്ല.

കേരളത്തിലെ ശാഖകൾ

സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ഐപിപിബിക്കു തുടക്കത്തിൽത്തന്നെ സാന്നിധ്യമുണ്ടാകും.ഇന്നു പ്രവർത്തനം ആരംഭിക്കുന്ന 14 ശാഖകൾ ഈ സ്‌ഥലങ്ങളിലാണ്: തിരുവനന്തപുരം, കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, കോട്ടയം, ഇടപ്പള്ളി, തൃശൂർ, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, ഉപ്പള.

ഈ ശാഖകൾക്കു പുറമെ തപാൽ വകുപ്പിന്റെ സംസ്‌ഥാനത്തെ 74 ഓഫിസുകൾ ബാങ്കിന്റെ ‘അക്‌സസ് പോയിന്റു’കളായി പ്രവർത്തിക്കും. എറണാകുളം ജില്ലയിൽ ഒൻപതും മറ്റു ജില്ലകളിൽ അഞ്ചു വീതവുമാണ് അക്‌സസ് പോയിന്റുകൾ.

പേയ്‌മെന്റ്‌സ് ബാങ്കുകൾ ചെറുകിടക്കാർക്ക്

ബാങ്കിങ് സേവനങ്ങൾ സാർവത്രികമായി ലഭ്യമാക്കാൻ ഉദ്ദേശിച്ചാണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2015 ഓഗസ്‌റ്റിൽ 11 സ്‌ഥാപനങ്ങൾക്കു പേയ്‌മെന്റ്‌സ് ബാങ്കിനുള്ള അനുമതി നൽകിയത്. എയർടെൽ, പേയ്‌ടിഎം, ഫിനോ എന്നിവയുടെ പേയ്‌മെന്റ്‌സ് ബാങ്കുകൾ നേരത്തേതന്നെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യ പോസ്‌റ്റ് പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും അതു രണ്ടു ശാഖകളിൽ മാത്രവും പരീക്ഷണാടിസ്‌ഥാനത്തിലുമായിരുന്നു.

ചെറുകിട ഇടപാടുകൾ മാത്രമാണു പേയ്‌മെന്റ്‌സ് ബാങ്കുകളിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ടും കറന്റ് അക്കൗണ്ടും തുടങ്ങാം. വായ്‌പ നൽകാൻ അനുവാദമില്ല. ഒരു ലക്ഷം രൂപയാണു നിക്ഷേപ പരിധി. എന്നാൽ ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകാർക്ക് ഒരു ലക്ഷത്തിനു മേൽ വരുന്ന നിക്ഷേപത്തുക അക്കൗണ്ടുമായി ബന്ധിപ്പിക്കാവുന്ന പോസ്‌റ്റൽ സേവിങ്‌സ് അക്കൗണ്ടിലേക്കു മാറ്റാം.

ലഭ്യമാക്കുന്നതു സേവനങ്ങളുടെ വിപുല നിര

  • സേവിങ്‌സ് ബാങ്ക് അക്കൗണ്ട്: കുറഞ്ഞ പ്രായം 10. അക്കൗണ്ട് തുടങ്ങാൻവേണ്ട കുറഞ്ഞ തുക 100 രൂപ. മിനിമം ബാലൻസ് നിബന്ധന ഇല്ല. കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ നിരക്ക് നാലു ശതമാനം. ക്യൂആർ കാർഡ് സൗജന്യം.
  • കറന്റ് അക്കൗണ്ട്: അക്കൗണ്ട് തുടങ്ങാൻവേണ്ട കുറഞ്ഞ തുക 1000 രൂപ. മിനിമം ബാലൻസ് 1000 രൂപ. കൂടിയ നിക്ഷേപം: 1,00,000 രൂപ. പലിശ ഇല്ല. ക്യൂആർ കാർഡ് സൗജന്യം.
  • ഡോർ സ്‌റ്റെപ്’ ബാങ്കിങ്: 2000 രൂപ വരെയുള്ള ഇടപാടുകൾക്കു ഫീസ് 15 രൂപ. 2000 – 5000: 25 രൂപ. 5000 – 10,000: 35 രൂപ. 10,000 രൂപയിൽ കൂടുതലുള്ള പണമിടപാടുകൾ സാധ്യമല്ല.
  • ക്യആർ കാർഡ്: ബയോമെട്രിക് സാങ്കേതികവിദ്യ അടിസ്‌ഥാനമാക്കിയുള്ള ക്വിക് റെസ്‌പോൺസ് കാർഡ് ഉപയോഗിച്ചു ഫണ്ട് ട്രാൻസ്‌ഫർ, ബിൽ പേയ്‌മെന്റ്, ഷോപ്പിങ് എന്നിവ നടത്താം. അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ഓർക്കേണ്ട ബാധ്യതയില്ല. ബയോമെട്രിക് ആയതിനാൽ നഷ്‌ടം വന്നാലും അക്കൗണ്ട് സുരക്ഷിതമായിരിക്കും.
  • ഡിജിറ്റൽ സേവിങ്‌സ് അക്കൗണ്ട്: 18 വയസ്സു പിന്നിട്ട ആർക്കും ഐപിപിബി മൊബൈൽ ആപ് ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കാം. ആധാർ, പാൻ കാർഡ് എന്നിവ നിർബന്ധം.
  • മൊബൈൽ ബാങ്കിങ്, ഫോൺ ബാങ്കിങ് (ഇന്റർ ആക്‌ടീവ് വോയ്‌സ് റെസപോൺസ് / കോൾ സെന്റർ), എസ്‌എംഎസ് ബാങ്കിങ്, മിസ്‌ഡ് കോൾ ബാങ്കിങ് തുടങ്ങിയവ.
  • ആർടിജിഎസ്, നെഫ്‌റ്റ്, ഐഎംപിഎസ് മാർഗങ്ങളിലൂടെയുള്ള ഫണ്ട് ട്രാൻസ്‌ഫർ.
  • വൈദ്യുതി, ഫോൺ തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട ബില്ലുകൾ അടയ്‌ക്കാനുള്ള സൗകര്യം.
  • മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഉപഭോക്‌തൃ സേവനം
  • മറ്റു സ്‌ഥാപനങ്ങളുടെ വായ്‌പ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട് തുടങ്ങിയ സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള സൗകര്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow