മഹാരാഷ്ട്ര പഞ്ചായത്ത് തിരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി–ഷിൻഡെ സഖ്യം- Maharashtra Polls
മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി–ശിവസേന (ഷിൻഡെ) സഖ്യത്തിനു വമ്പൻ വിജയം. തിരഞ്ഞെടുപ്പ് നടന്ന 547 ഗ്രാമപഞ്ചായത്തുകളിൽ 259 ഇടത്ത് ബിജെപി പിന്തുണച്ച സ്ഥാനാർഥികളും 40 ഇടത്ത് ശിവസേനാ വിമതരായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗം പിന്തുണച്ചവരും വിജയിച്ചു. 16 ജില്ലകളിൽ മികച്ച വിജയമാണ് സഖ്യം നേടിയതെന്നു ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവാൻകുളെ അവകാശപ്പെട്ടു.
ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു വോട്ടിങ് നില. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണൽ. പാർട്ടികൾ നേരിട്ടുള്ള മത്സരമല്ലെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണ വിജയത്തിനു നിർണായകമായിരുന്നു. ഗ്രാമമുഖ്യന്മാരെ (സർപഞ്ച്) തിരഞ്ഞെടുക്കാൻ നേരിട്ടായിരുന്നു വോട്ടെടുപ്പ്. ബിജെപി പിന്തുണച്ച 259 പേരും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്റെ പിന്തുണയുള്ള 40 പേരും ഗ്രാമമുഖ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടെന്നു ചന്ദ്രശേഖർ ബവാൻകുളെ വ്യക്തമാക്കി.
ആകെ വിജയിച്ചവരിൽ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തിലേറെ പേരും ബിജെപി–ഷിൻഡെ സഖ്യത്തെ പിന്തുണയ്ക്കുന്നവരാണ്. ഗ്രാമപഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പുഫലം ഏക്നാഥ് ഷിൻഡെ– ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിനോടുള്ള ജനവിശ്വാസത്തിനുള്ള തെളിവാണെന്നും ബിജെപി ചൂണ്ടിക്കാട്ടി. ശിവസേനയിലെ വിമതരുടെ പിന്തുണയോടെ കഴിഞ്ഞ ജൂൺ അവസാനമാണ് ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് ഷിൻഡെ–ഫഡ്നാവിസ് സർക്കാർ അധികാരം പിടിച്ചെടുത്തത്.
English Summary: BJP-Eknath Shinde Camp Claim Big Win In Key Maharashtra Polls
What's Your Reaction?