ഹരിയാനയിലും പഞ്ചാബിലും വോട്ടെടുപ്പ്; വെല്ലുവിളിയായി കർഷക സമരം, നാളെ മുതൽ പ്രക്ഷോഭം ശക്തമാക്കാൻ നേതാക്കൾ

May 22, 2024 - 11:32
May 22, 2024 - 11:34
 0
ഹരിയാനയിലും പഞ്ചാബിലും വോട്ടെടുപ്പ്;  വെല്ലുവിളിയായി കർഷക സമരം, നാളെ മുതൽ പ്രക്ഷോഭം ശക്തമാക്കാൻ നേതാക്കൾ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആറും ഏഴും ഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തമാക്കാൻ നേതാക്കളുടെ തീരുമാനം. ഡൽഹി ചലോ മാർച്ച് നൂറ് ദിവസം പൂർത്തിയാകുന്ന നാളെ മുതൽ ബിജെപി നേതാക്കളുടെ വീട് വളഞ്ഞ് പ്രതിഷേധിക്കാനാണ് കർഷക നേതാക്കളുടെ തീരുമാനം. ഹരിയാനയിലും ഡൽഹിയിലും ശനിയാഴ്ചയും പഞ്ചാബിൽ ജൂൺ ഒന്നിനും ആണ് വോട്ടെടുപ്പ്.

വോട്ടെടുപ്പ് അടുത്തതോടെയാണ് നാളെ മുതൽ സമരരീതി മാറ്റാൻ കർഷകർ തീരുമാനിച്ചത്. ഉപരോധ സമരം പഞ്ചാബിലെയും ഹരിയാനയിലെ ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്കാണ് മാറ്റുന്നത്. നരേന്ദ്രമോദിയും അമിത്ഷായും ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനായി എത്തുമ്പോൾ ചോദ്യങ്ങളുമായി കൂട്ടത്തോടെ പ്രചാരണ വേദിയിലേക്കെത്താനും സമരക്കാര്‍ നീക്കം നടത്തുന്നുണ്ട്.

ബിജെപി നേതാക്കളെ തോൽപിക്കാൻ ആഹ്വാനം ചെയ്തും, നേതാക്കളുടെ പ്രചാരണം തടഞ്ഞും ആണ്തി രഞ്ഞെടുപ്പ് കാലത്ത് നേതാക്കൾ പ്രക്ഷോഭം സജീവമാക്കിയത്. ദേശീയ പാതകളിൽ ട്രാക്ടറുകൾ നിരത്തി ഗതാഗതം തടഞ്ഞും, തീവണ്ടി തടഞ്ഞും സമരം മുന്നേറുന്നുണ്ടായിരുന്നു. കർഷക സമരത്തിന്റെ ചൂടറിഞ്ഞ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ ഭാര്യയും പട്യാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രണീത് കൗറും ഹരിയാനയില്‍ മന്ത്രി അനില്‍ വിജും പ്രചാരണ രംഗത്ത് നിന്ന് ഒരു വേള പിന്‍വാങ്ങിയിരുന്നു.

കർഷക നേതാക്കളെ അനാവശ്യമായി ജയിലിലടയ്ക്കുന്നതിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം കടുപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ജൂൺ രണ്ട് മുതൽ ഡൽഹി ചലോ മാർച്ച് ശക്തമാക്കുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വാർത്താ കുറിപ്പിൽ അറിയിച്ചു. താങ്ങുവിലയ്ക്ക് നിയമസാധുത നൽകണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളുയർത്തി ഫെബ്രുവരി 13നാണ് കർഷകർ പഞ്ചാബിലെ അതിർത്തിയിൽ കർഷകർ രണ്ടാം കർഷക സമരം തുടങ്ങിയത്. ഇതുവരെ 21 പേർ സമരത്തിനിടെ രക്തസാക്ഷികളായെന്നാണ് കർഷക നേതാക്കൾ അറിയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow