രാജ്യം അഞ്ചാംഘട്ട വോട്ടെടുപ്പിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, അമേഠിയും റായ്ബറേലിയും പ്രധാന മണ്ഡലങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ബീഹാർ, ജമ്മു കശ്മീർ, ജാർഖണ്ഡ്, ലഡാക്ക്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. അമേഠി, റായ്ബറേലി മണ്ഡലങളാണ് അഞ്ചാം ഘട്ടത്തിലെ ശ്രദ്ധ കേന്ദ്രം.
രാഹുൽ ഗാന്ധി, രാജ്നാഥ് സിങ്, പീയുഷ് ഗോയൽ, സ്മൃതി ഇറാനി, ചിരാഗ് പസ്വാൻ, രാജീവ് പ്രതാപ് റൂഡി, ഒമർ അബ്ദുള്ള തുടങ്ങിയവരാണ് അഞ്ചാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രചാരണത്തിൻ്റെ അവസാന ദിനത്തിൽ വോട്ടർ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.
പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയിൽ വീടുകൾ കയറി പ്രചാരണം നടത്തും. ബാരാബങ്കിയിലാണ് രാഹുലിൻ്റെ പ്രചാരണ പരിപാടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അമേഠിയിൽ പ്രചാരണ റാലി നടത്തും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ പോളിംഗിന് എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ മനോജ് തിവാരിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പ്രചരണ റാലി നടത്തുക. ഹരിയാനയിലെ അംബാലയിലും സോനിപതിലുമായി രണ്ട് റാലികളിലും പ്രധാനമന്ത്രി പങ്കെടുക്കും.
What's Your Reaction?