ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം: കൊളീജിയം ഇന്നു വീണ്ടും
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു വീണ്ടും ശുപാർശ ചെയ്യുന്നതു പരിഗണിക്കാൻ സുപ്രീം കോടതി കൊളീജിയം ഇന്നു ചേരും. കഴിഞ്ഞ രണ്ടിനു കൊളീജിയം ചേർന്നപ്പോഴുള്ള അജൻഡ പരിഷ്കരിക്കണമെന്ന ആവശ്യത്തിനു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വഴങ്ങി.ശുപാർശ
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്നു വീണ്ടും ശുപാർശ ചെയ്യുന്നതു പരിഗണിക്കാൻ സുപ്രീം കോടതി കൊളീജിയം ഇന്നു ചേരും. കഴിഞ്ഞ രണ്ടിനു കൊളീജിയം ചേർന്നപ്പോഴുള്ള അജൻഡ പരിഷ്കരിക്കണമെന്ന ആവശ്യത്തിനു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വഴങ്ങി.
ശുപാർശ ആവർത്തിക്കാനാണു കൊളീജിയം തീരുമാനമെങ്കിൽ അതു കേന്ദ്ര സർക്കാരിന് അംഗീകരിക്കേണ്ടി വരും. നിയമമന്ത്രിയിൽനിന്നു കഴിഞ്ഞ 26നും 30നും ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ജോസഫിന്റെ വിഷയവും കൽക്കട്ട, രാജസ്ഥാൻ, തെലങ്കാന, ആന്ധ്ര ഹൈക്കോടതികളിൽനിന്നു സുപ്രീം കോടതിയിലേക്കു പരിഗണിക്കേണ്ട പേരുകളും ചർച്ചചെയ്യുക എന്നതായിരുന്നു ഒരു മിനിറ്റ് മാത്രം നീണ്ട കഴിഞ്ഞ യോഗത്തിലെ അജൻഡ. ഇന്ന് ഉച്ചയ്ക്ക് ഒന്നിനുചേരുന്ന കൊളീജിയത്തിന്റെ അജൻഡ ഇങ്ങനെയാണ്: ഒന്ന് – ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന ജനുവരി 10ന്റെ ശുപാർശ ആവർത്തിക്കുന്നതു പരിഗണിക്കുക. രണ്ട് – സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം നൽകാവുന്ന ഹൈക്കോടതി ജഡ്ജിമാരുടെ പേരുകൾ പരിഗണിക്കുക.
ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കണമെന്ന ശുപാർശ അംഗീകരിക്കാത്തതിനു നിയമമന്ത്രി ഉന്നയിച്ച വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും ഉടനെ ശുപാർശ ആവർത്തിക്കണമെന്നും ആവശ്യപ്പെട്ടു ജസ്റ്റിസ് ജെ.ചെലമേശ്വർ, ചീഫ് ജസ്റ്റിസിനു കഴിഞ്ഞ ദിവസം കത്തെഴുതിയിരുന്നു. ജസ്റ്റിസ് ജോസഫിനെയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക (ഇപ്പോൾ ജഡ്ജി) ഇന്ദു മൽഹോത്രയെയും സുപ്രീം കോടതി ജഡ്ജിമാരാക്കണമെന്നാണു ജനുവരി 10നു കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ, ഇന്ദു മൽഹോത്രയെ ജഡ്ജിയാക്കുമെന്നും ജസ്റ്റിസ് ജോസഫിന്റെ പേരു തള്ളിക്കളയുകയാണെന്നും കഴിഞ്ഞ 26നു നിയമമന്ത്രി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.
കഴിഞ്ഞ എട്ടിന്, അന്നുതന്നെ കൊളീജിയം ചേരണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് വഴങ്ങിയില്ല; അനൗദ്യോഗികമായി ചർച്ചയാകാമെന്നു വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ അനൗദ്യോഗിക യോഗത്തിൽ, ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിനിയമനത്തിലുള്ള നടപടിക്രമം (എംഒപി) സംബന്ധിച്ചു സർക്കാർ ഉന്നയിച്ച തർക്കം മാത്രമാണു ചർച്ചയായത്. ജസ്റ്റിസ് ജോസഫിന്റെ പേരു വീണ്ടും ശുപാർശ ചെയ്യുന്നതിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിയായി. തുടർന്നാണ്, ഇന്നു കൊളീജിയം ചേരാൻ തീരുമാനമുണ്ടായത്.
ജസ്റ്റിസ് ജോസഫിന്റെ വിഷയത്തിനൊപ്പം മറ്റു വിഷയങ്ങളും ഉൾപ്പെടുത്താനാവില്ലെന്നും വീണ്ടും ഒന്നിലധികം പേരുകൾ ഒരുമിച്ചു ശുപാർശ ചെയ്യുന്നത് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാൻ സർക്കാരിന് അവസരം നൽകുമെന്നുമാണു കഴിഞ്ഞ യോഗത്തിലെ അജൻഡയെക്കുറിച്ചുണ്ടായ വിമർശനം.
What's Your Reaction?