Omicron നിയന്ത്രണത്തിനിടെ 501 പേരുടെ മെഗാതിരുവാതിര; CPM ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശാലയില്‍

കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര (Thiruvathira) സംഘടിപ്പിച്ച് സിപിഎം (CPM).

Jan 12, 2022 - 18:28
 0

കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണം നിലനില്‍ക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര (Thiruvathira) സംഘടിപ്പിച്ച് സിപിഎം (CPM). പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള തിരുവാതിര കളി.

കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികള്‍ ഓണ്‍ലൈനാക്കണം, പൊതുയോഗങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനം അടച്ചിടല്‍ ആശങ്കയുടെ വക്കില്‍ നില്‍ക്കെ സമൂഹതിരുവാതിര സംഘടിപ്പിച്ചാണ് തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന് തയ്യാറെടുത്തത്.

പാറശാലയില്‍ 14ന് തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടത്തിയത്. പാറശ്ശാല ഏര്യാ കമ്മിറ്റിയിലെ 501 സ്ത്രീകള്‍ ആണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേര്‍ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെ കൂടാതെ, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.കെ.ഹരീന്ദ്രന്‍ എംഎല്‍എ തുടങ്ങിയ നേതാക്കളും പരിപാടി കാണാനെത്തി. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി.

സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും പാര്‍ട്ടിയുടെ ചരിത്രവുമായിരുന്നു തിരുവാതിരകളിപ്പാട്ടിന്റെ പ്രമേയം. ഇടയ്ക്ക് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ കണ്ടില്ലെന്നു നടിച്ച് മടങ്ങി. സംസ്ഥാനത്ത് ഇന്നലെ കോവിഡ് കണക്ക് കുതിച്ചുയര്‍ന്ന് 9066 ആയിരുന്നു. ഇതില്‍ 2200 രോഗികളും തിരുവനന്തപുരത്താണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow