തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്

Nov 2, 2024 - 09:45
 0
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്

ഹരിയാനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റത്തില്‍ കടുത്ത നിലപാടുമായി കോണ്‍ഗ്രസ്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോണ്‍ഗ്രസിന് നേര്‍ക്ക് നടത്തിയ പരാമര്‍ശങ്ങളില്‍ നിയമനടപടിക്ക് മടിക്കില്ലെന്നാണ് കോണ്‍ഗ്രസ് എല്ലാ ബഹുമാനത്തോടേയും രാജ്യത്തിന്റെ ‘പോള്‍ബോഡിയെ’ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയെയും നേതാക്കളെയും ആക്രമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇത് തുടര്‍ന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനായി നിയമനടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നറിയിപ്പ്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് അയച്ച കത്തിലാണ് കോണ്‍ഗ്രസിന്റെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പ്. ഇസിഐയുമായുള്ള ആശയവിനിമയം പ്രധാന പ്രശ്നങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും ഓഫീസിനെ ബഹുമാനിക്കുന്നതാണെന്നും പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസിന്റെ കത്ത്. തങ്ങളുടെ പരാതികള്‍ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടികള്‍ പുച്ഛിക്കുന്ന തരത്തിലാണ് എഴുതിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ശക്തമായ വാക്കുകളില്‍ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

നിഷ്പക്ഷതയുടെ അവസാന അടയാളവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കില്‍ ആ പണി വൃത്തിയായി നിങ്ങള്‍ ചെയ്യുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖത്തടിച്ചത് പോലെയാണ് മുത്തശ്ശി പാര്‍ട്ടി അറിയിച്ചുട്ടുള്ളത്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇംഗിതങ്ങള്‍ക്ക് വശംവദരാകാതെ നില്‍ക്കുന്ന സ്വതന്ത്ര സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം ആശാവഹമല്ലെന്ന് തുറന്നടിക്കകയാണ് കത്തിലൂടെ കോണ്‍ഗ്രസ്.

ചൊവ്വാഴ്ച ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പരാതിക്ക് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയെ ‘അംഗീകരിക്കാനാകാത്ത തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍’ ഉന്നയിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തിയത്. ‘അടിസ്ഥാനരഹിതവും സെന്‍സേഷണലുമായ പരാതികള്‍’ ഇനിയും ഉന്നയിക്കാന്‍ പാടില്ലെന്ന തരത്തില്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങള്‍ നിരുത്തരവാദപരമാണെന്നും ഹരിയാനയിലെ തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാണെന്നും ആവര്‍ത്തിക്കുകയും ചെയ്തു തിരഞ്ഞെടുപ്പ് കമ്മീഷന്‍. ”നിസാരമായ പരാതികളുടെ പ്രവണത” തടയാന്‍ നടപടിയെടുക്കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെട്ടതായും തിരഞ്ഞെടുപ്പ് ബോഡി പിന്നാലെ പ്രതികരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്ക് തന്നെ സ്വയം ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ അത്ഭുതമില്ലെന്നും എന്നാല്‍ ഇസിഐയുടെ പ്രതികരണത്തിന്റെ സ്വരവും പദപ്രയോഗവും ഉപയോഗിച്ച ഭാഷയും പാര്‍ട്ടിക്കെതിരെ നിസാര ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന കളിയാക്കലും മറുപടി പറയാന്‍ നിര്‍ബന്ധിതരാക്കിയെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. പിന്നാലെയാണ് വേണ്ടിവന്നാല്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും പാര്‍ട്ടി നല്‍കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow