'ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു...വിദേശകാര്യ മന്ത്രി വരെ ആകാമായിരുന്നു'; വെളിപ്പെടുത്തി ശശി തരൂർ
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ക്ഷണം ലഭിച്ചത്. അന്ന് വാജ്പേയി സർക്കാരിലെ ഒരു മന്ത്രി ന്യൂയോർക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു എന്നാണ് തരൂർ വെളിപ്പെടുത്തിയത്.
എന്നാൽ തങ്ങൾ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങൾ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും താൻ ഒഴിവാക്കിവിട്ടതാണെന്നും തരൂർ വെളിപ്പെടുത്തി. മലയാള മനോരമ ഹോർത്തൂസ് വേദിയിലായിരുന്നു രാഷ്ട്രീയജീവിതത്തിലെ നിർണായക നാളുകളിൽ വന്ന ആ ക്ഷണത്തെക്കുറിച്ച് തരൂർ മനസുതുറന്നത്.
വർഷങ്ങളോളം താൻ ഒരു രാഷ്ട്രീയത്തിലാണ് പ്രവർത്തിച്ചത്, അന്നെല്ലാം വിമർശിച്ചുകൊണ്ടിരുന്ന ഒരു രാഷ്ട്രീയത്തിലേക്ക് പോകാൻ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും തരൂർ കൂട്ടിച്ചേർക്കുന്നുണ്ട്. ഒരു പക്ഷേ അവർ തന്നെ വിദേശകാര്യ മന്ത്രി വരെ ആക്കുമായിരുന്നു, എന്നാൽ ഒരിക്കലും ഒരു ബിജെപിക്കാരനാകാൻ തനിക്ക് സാധിക്കില്ലെന്നാണ് മറുപടി പറഞ്ഞതെന്നും തരൂർ വെളിപ്പെടുത്തുന്നുണ്ട്.
What's Your Reaction?