‘കലക്ടറാക്കാൻ 2028 വരെ സമയമുണ്ട്; ശ്രീറാമിന്റെ കാര്യത്തിൽ ധൃതി?’
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് തിടുക്കപ്പെട്ട തീരുമാനമാണെന്ന് സർവീസ് രംഗത്തെ വിദഗ്ധർ. യുപിഎസ്‌സി മാനദണ്ഡ പ്രകാരം 2028നകം കലക്ടർ സ്ഥാനം നൽകിയാൽ മതിയെന്നിരിക്കെയാണ് സർക്കാർ വേഗത്തിൽ തീരുമാനമെടുത്തത്
മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടാനൊരുങ്ങുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് തിടുക്കപ്പെട്ട തീരുമാനമാണെന്ന് സർവീസ് രംഗത്തെ വിദഗ്ധർ. യുപിഎസ്‌സി മാനദണ്ഡ പ്രകാരം 2028നകം കലക്ടർ സ്ഥാനം നൽകിയാൽ മതിയെന്നിരിക്കെയാണ് സർക്കാർ വേഗത്തിൽ തീരുമാനമെടുത്തത്.
ക്രിമിനൽ നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണെങ്കിൽ, വകുപ്പുതല പ്രമോഷൻ കമ്മിറ്റി കൂടിയശേഷം ആ തീരുമാനം ക്രിമിനൽ കേസ് തീർപ്പാകുന്നതുവരെ മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നാണ് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഉദ്യോഗസ്ഥൻ കുറ്റവിമുക്തനായാൽ മുദ്രവച്ച കവറിലെ തീരുമാനപ്രകാരം അനുയോജ്യമായ നിയമനം നൽകാം. എന്നാൽ, പഴ്സനൽ മന്ത്രാലയത്തിന്റെ നിർദേശങ്ങളെല്ലാം മറികടന്നാണ് ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നൽകിയതും കലക്ടറായി നിയമിച്ചതും.
യുപിഎസ്‌സി നിർദേശം അനുസരിച്ച് സർവീസിലെ ആദ്യത്തെ നാലു വർഷം സബ് ഡിവിഷനൽ മജിസ്ട്രേട്ട് റാങ്കിലാണ് ഐഎഎസുകാർ ജോലി ചെയ്യേണ്ടത്. ശ്രീറാം വെങ്കിട്ടരാമൻ 2013 ബാച്ച് ഐഎഎസ് ഓഫിസറാണ്. 2016ൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലെത്തി. 2020-23 ൽ ഇദ്ദേഹം ജോയിന്റ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേട്ട് (കലക്ടർ) പദവിയിലെത്തണം. 2024-28 ൽ ജില്ലാ കലക്ടർ അല്ലെങ്കിൽ സ്പെഷൽ സെക്രട്ടറി അല്ലെങ്കിൽ ഡയറക്ടർ പദവി വഹിക്കണം. ശ്രീറാമിനു കലക്ടർ പദവി കൊടുക്കുന്നത് ചട്ടപ്രകാരം നിർബന്ധമാണെങ്കിൽപോലും 2028നകം കൊടുത്താൽ മതിയാകും.
ഉദ്യോഗസ്ഥനെതിരെയുള്ള ക്രിമിനൽ കേസിന്റെ തീരുമാനം നീണ്ടു പോകാതെ സമയ പരിധിക്കുള്ളിൽ തീർക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും പഴ്സനൽ മന്ത്രാലയത്തിന്റെ നിർദേശത്തിലുണ്ട്. നിശ്ചിത ഇടവേളയ്ക്കിടെ വിഷയം പ്രമോഷൻ കമ്മിറ്റി പരിശോധിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ കേസിൽ തീർപ്പായില്ലെങ്കിൽ പ്രമോഷൻ കമ്മിറ്റിക്ക് മുദ്രവച്ച കവർ തുറന്നു പരിശോധിച്ച് താൽക്കാലിക പ്രമോഷൻ നൽകാം. ഇങ്ങനെ സ്ഥാനക്കയറ്റം നൽകുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
പൊതുജന താൽപര്യത്തിനു വിരുദ്ധമാണോ സ്ഥാനക്കയറ്റം എന്നു പരിശോധിക്കണം. സ്ഥാനക്കയറ്റം തടയാൻ മാത്രം ഗുരുതരമാണോ ചെയ്ത കുറ്റം എന്നു പരിശോധിക്കണം. സ്ഥാനക്കയറ്റം നേടിയാൽ കേസിൽ ഇടപെടുമോയെന്നും നോക്കേണ്ടതുണ്ട്. എന്നാൽ, ശ്രീറാമിന്റെ സ്ഥാനക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. തീരുമാനം മുദ്രവച്ച കവറിൽ സൂക്ഷിച്ചില്ല. താൽക്കാലിക പ്രമോഷനു പകരം ജോയിന്റ് സെക്രട്ടറിയായി സ്ഥിരം പ്രമോഷൻ നൽകി. പൊതുജന പ്രതിഷേധമോ ഗൗരവമായ കുറ്റമാണെന്നോ പരിഗണിച്ചില്ല. സ്ഥാനക്കയറ്റം നൽകിയാൽ കേസിനെ തെറ്റായി ബാധിക്കുമോയെന്നും പരിഗണിച്ചില്ലെന്നാണ് വിമർശനം.
കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304 എ, 201 വകുപ്പുകളും മോട്ടര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും ഒപ്പമുണ്ടായിരുന്ന വഫയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. അപകടകരമായി വാഹനം ഓടിച്ചു വരുത്തിയ മനപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ്. കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിക്കാനായിട്ടില്ല. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനുമായിട്ടില്ല. അതിനിടെ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ സെൻട്രൽ വിജിലൻസ് കമ്മിഷന് പരാതി കൊടുക്കും എന്ന് എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ അറിയിച്ചു.
English Summary : Civil Service experts on Government's decision to make Sriram Venkitaraman as Alappuzha district collector
What's Your Reaction?