കാലാവധി കഴിഞ്ഞത് മറച്ചുവെച്ചു; കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വി സിയുടെ ഉത്തരവ്
കേരള സർവകലാശാല യൂണിയൻ പിരിച്ചുവിടാൻ വൈസ് ചാൻസലറുടെ ഉത്തരവ്. സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടർച്ചയാണ് പുതിയ നടപടി. കാലാവധി കഴിഞ്ഞിട്ടും അത് മറച്ചുവെച്ച് കലോത്സവം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വി സി ഡോ. മോഹനൻ കുന്നുമ്മലിന്റെ നടപടി. ഫെബ്രുവരി 26ന് കാലാവധി അവസാനിച്ച യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ കാലാവധി നീട്ടി കൊടുക്കണമെന്ന നിലവിലെ യൂണിയന്റെ നിർദേശവും വി സി തള്ളി.
പുതിയ ജനറൽ കൗൺസിൽ വിളിച്ചുചേർത്ത് തെരഞ്ഞെടുപ്പ് നടത്താനും ഈ കാലയളവിൽ യൂണിയന്റെ ചുമതല സ്റ്റുഡൻസ് സർവീസ് ഡയറക്ടർക്ക് നൽകാനുമാണ് ഉത്തരവിൽ വി സി വ്യക്തമാക്കുന്നത്. നിയമപ്രകാരം ഒരു വർഷം മാത്രമേ യൂണിയന് കാലാവധിയുള്ളൂ. കാലാവധി ഫെബ്രുവരി 26ന് അവസാനിച്ചിട്ടും ഇക്കാര്യം മറച്ചുവച്ചാണ് യൂണിയന്റെ നേതൃത്വത്തിൽ ഈ വർഷത്തെ യുവജനോത്സവം സംഘടിപ്പിച്ചത്.
കാലാവധി നീട്ടിനൽകാനുള്ള രജിസ്ട്രാറുടെ കുറിപ്പ് മുമ്പിലെത്തിയപ്പോഴണ് ഇക്കാര്യം വിസിയുടെ ശ്രദ്ധയിൽപെട്ടത്. യുവജനോത്സവവുമായി ബന്ധപ്പെട്ട വിവാദത്തിന്റെയും സംഘർഷത്തിന്റെയും അടിസ്ഥാനത്തിൽ നിലവിലെ യൂണിയന്റെ കാലാവധി അവസാനിപ്പിക്കാൻ വി സി ഉത്തരവിടുകയായിരുന്നു. ഇതിന് പിന്നാലെ യുവജനോത്സവത്തിന്റെ വിധികർത്താവായിരുന്ന പി എൻ ഷാജി ജീവനൊടുക്കാൻ വഴിവച്ച സാഹചര്യവും മത്സവേദിയിൽ ഉയർന്നുവന്ന കോഴ ആരോപണവും അന്വേഷിക്കാൻ കേരള പോലീസിന് കത്തുനൽകാൻ വി സി രജിസ്ട്രാർക്ക് നിർദേശം നൽകി.
What's Your Reaction?