പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കും
ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും.
കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് സിന്‍ഡിക്കേറ്റ് സ്ഥിരംസമിതി കണ്‍വീനര്‍ കെ.കെ. ഹനീഫ. ബിരുദമൂല്യനിര്‍ണയ ക്യാമ്പില്‍ ചില അധ്യാപകര്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ക്യാമ്പ് ചെയര്‍മാന്മാര്‍ ആവശ്യപ്പെട്ടിട്ടും വന്നില്ല. ഇതൊക്കെയാണ് ബിരുദഫല പ്രഖ്യാപനം വൈകിച്ചത്. കക്ഷിരാഷ്ട്രീയം മുന്‍നിര്‍ത്തി ആരൊക്കെ പരീക്ഷാനടപടികളില്‍ നിന്നു മുഖം തിരിഞ്ഞു എന്നത് സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഔദ്യോഗിക ഉത്തരവാദിത്വം നിര്‍വഹിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യും. സ്വകാര്യ-കല്പിത സര്‍വകലാശാലകളുടെ വളര്‍ച്ചയ്ക്കും പൊതുമേഖലയിലുള്ള സര്‍വകലാശാലകളുടെ തകര്‍ച്ചയ്ക്കും വേണ്ടി ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിരത്തഞ്ഞൂറോളം ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്.
കോളേജില്‍ നിന്ന് ഇന്റേണല്‍ മാര്‍ക്കുകള്‍ ചേര്‍ക്കാത്തതോ റദ്ദാക്കിയ ചോദ്യക്കടലാസ് ഉപയോഗിച്ച് പരീക്ഷ നടത്തിയതോ ആയ കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഫലമാണ് ഇനിയും പ്രസിദ്ധീകരിക്കാനുള്ളത്. അഴിമതി നടത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും വീഴ്ച വരുത്തിയ ജീവനക്കാര്‍ സര്‍വീസിലുണ്ടാകില്ലെന്നും കെ.കെ. ഹനീഫ വ്യക്തമാക്കി. സര്‍വകലാശാലയില്‍ 30 ലക്ഷം രൂപയുടെ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ അന്വേഷണ നടപടികള്‍ തുടരുകയാണ്.
നേരത്തെ ക്രമക്കേട് കണ്ടെത്തിയ ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടിട്ടുമുണ്ട്. അഴിമതി ആരു നടത്തിയാലും സംരക്ഷിക്കില്ലെന്നും സിന്‍ഡിക്കേറ്റംഗങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവശ്യ സേവനങ്ങള്‍ അതിവേഗം ലഭിക്കുന്നതിനായി സമഗ്രമായ ഡിജിറ്റൈസേഷന്‍ നടപടികള്‍ പരിഗണനയിലുണ്ട്. ഒരുവര്‍ഷത്തിനകം ഇവ യാഥാര്‍ഥ്യമാക്കാനാണ് ശ്രമം.
പരീക്ഷാഭവന്‍, ഭരണകാര്യാലയം എന്നിവിടങ്ങളിലേക്ക് ആവശ്യമായ പുതിയ കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യാജ ചലാനുകളുടെ പേരില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നും സര്‍വകലാശാലക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കാന്‍ പ്രൊഫ. എം.എം. നാരായണന്‍ കണ്‍വീനറായ സമിതിക്കാണ് ചുമതല.
സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. ജി. റിജുലാല്‍, ഡോ. എം. മനോഹരന്‍, എ.കെ. രമേഷ് ബാബു, ഡോ. കെ.ഡി. ബാഹുലേയന്‍, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?