144 സീറ്റുകൾ പിടിക്കാൻ ബ്ലൂ പ്രിന്റ് തയാറാക്കി ബിജെപി; 2024ലേക്ക് വമ്പൻ പദ്ധതി

May 27, 2022 - 07:06
 0
144 സീറ്റുകൾ പിടിക്കാൻ ബ്ലൂ പ്രിന്റ് തയാറാക്കി ബിജെപി; 2024ലേക്ക് വമ്പൻ പദ്ധതി

ന്യൂഡൽഹി∙ 2024ലെ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷം നേടി അധികാരത്തിൽ വരാൻ വൻപദ്ധതിയുമായി ബിജെപി. 2019ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവയിൽ 144 ലോക്സഭാ സീറ്റുകൾ വെട്ടിപ്പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ബുധനാഴ്ച പാർട്ടി കേന്ദ്ര ആസ്ഥാനത്ത് നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച് വിശദമായ ബ്ലൂപ്രിന്റും തയാറാക്കിയെന്നാണു വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എട്ടു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ നീക്കവുമായി ബിജെപി എത്തുന്നത്. ‘സേവനം, മികച്ച ഭരണനിർവഹണം, പാവങ്ങളുടെ ക്ഷേമം’ എന്നിവ മുൻനിർത്തി മേയ് 30 മുതൽ ജൂൺ 15 വരെ മോദിയുടെ എട്ടു വർഷങ്ങൾ ബിജെപി ആഘോഷിക്കാനിരിക്കുകയാണ്.

2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാമതോ മൂന്നാമതോ എത്തിയ മണ്ഡലങ്ങളാണ് ഈ 144 എണ്ണവും. കേന്ദ്രമന്ത്രിമാരെ ഈ മണ്ഡലങ്ങളിലേക്ക് അയച്ച് സ്ഥിരമായി പൊതുയോഗങ്ങൾ വിളിച്ചുകൂട്ടി സർക്കാരിന്റെ പദ്ധതികളെയും വികസന നേട്ടങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് പദ്ധതി. ഓരോ പ്രാവശ്യവും മന്ത്രിമാർ ഇവിടം സന്ദർശിക്കുമ്പോൾ മൂന്നു ദിവസം മണ്ഡലത്തിൽ താമസിക്കുകയും വേണം.

ബുധനാഴ്ച നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി നേതാവ് ജെ.പി. നഡ്ഡ എന്നിവരും പങ്കെടുത്തു. ഈ 144 മണ്ഡലങ്ങളെ തിരഞ്ഞെടുത്തത് പാർട്ടിയുടെ സംഘടനാശക്തിയും തിരഞ്ഞെടുപ്പ് പ്രകടനവും നോക്കിയാണ്. നിലവിൽ പ്രതിപക്ഷ കക്ഷികളാണ് ഈ മണ്ഡലങ്ങൾ പ്രതിനിധീകരിക്കുന്നത്.

543 അംഗ ലോക്സഭയിൽ നിലവിൽ ബിജെപിക്ക് 300 അംഗങ്ങളാണ് ഉള്ളത്. എൻഡിഎ സഖ്യത്തിന് 333 അംഗങ്ങളുടെ പിന്തുണയുണ്ട്. രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് 53 പേരാണ് ലോക്സഭയിൽ ഉള്ളത്.

English Summary: At BJP's Day-Long Meet, Plan To Wrest 144 Lok Sabha Seats From Rivals

What's Your Reaction?

like

dislike

love

funny

angry

sad

wow