കോവിഡ് ചികിത്സയ്ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചു
സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി

സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സ സൗജന്യമാണെന്നിരിക്കെ കോവിഡ് ചികിത്സയ്ക്കെത്തിയ പ്രവാസിയെക്കൊണ്ട് 70,000 രൂപയുടെ ഉപകരണം വാങ്ങിപ്പിച്ചതായി പരാതി. രോഗി മരിച്ചതോടെ, വലിയ വില കൊടുത്തു വാങ്ങിയ ഉപകരണം തിരികെത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്ന് ബന്ധുക്കൾ മെഡിക്കൽ സൂപ്രണ്ടിനു നൽകിയ പരാതിയിൽ പറയുന്നു. ഈ ഉപകരണം രോഗിക്കുവേണ്ടി ഉപയോഗിച്ചിട്ടില്ലെന്നാണ് മനസ്സിലായതെന്നും ബന്ധുക്കൾ പറയുന്നു. എംഎൽഎ ഫണ്ടിൽ നിന്നും എംപി ഫണ്ടിൽനിന്നുമെല്ലാം ലക്ഷങ്ങൾ മുടക്കി വെന്റിലേറ്ററുകൾ ഉൾപ്പെടെ വാങ്ങി നൽകിയിട്ടുള്ള കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ച ഫോർട്ട് കൊച്ചി സ്വദേശിയുടെ ബന്ധുക്കളെക്കൊണ്ടാണ് ‘ഡ്രീംസ്റ്റേഷൻ ഓട്ടോ ബൈപാപ്’ എന്ന യന്ത്രം വാങ്ങിപ്പിച്ചത്. ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗിക്ക് രോഗം കുറഞ്ഞുവെന്നാണ് ആദ്യം അറിയിച്ചത്. രോഗിയെ വാർഡിലേക്ക് മാറ്റണമെങ്കിൽ ബൈപാപ് യന്ത്രം വാങ്ങി നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. കോവിഡ് സെന്ററിന്റെ നോഡൽ ഓഫിസറും പൾമണറി ആൻഡ് ക്രിട്ടിക്കൽ വിഭാഗം മേധാവിയുമായ ഡോ.എ.ഫത്താഹുദ്ദീൻ ആണ് ബൈപാപ് യന്ത്രം വാങ്ങണമെന്ന കുറിപ്പ് നൽകിയത്. യന്ത്രം ലഭ്യമാകുന്ന സ്ഥാപനത്തിന്റെ പ്രതിനിധിയുടെ പേരും ഫോൺ നമ്പരും കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
ബന്ധുക്കൾ യന്ത്രം വാങ്ങി ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇത് രോഗിക്കുവേണ്ടി ഉപയോഗിച്ചില്ല. ഐസിയുവിൽ ഉള്ള സമാന യന്ത്രമാണ് ഉപയോഗിച്ചത്. ആശുപത്രിയിൽ യന്ത്രം ഉണ്ടായിരിക്കെ ഉയർന്ന വില നൽകി പുതിയതു വാങ്ങിപ്പിച്ചത് എന്തിനെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. രോഗികൾക്ക് മാറിമാറി ഉപയോഗിക്കാൻ കഴിയുന്ന യന്ത്രം ഒരു രോഗിയെക്കൊണ്ടു മാത്രം വാങ്ങിപ്പിച്ചത് എന്തിനെന്നും വ്യക്തമല്ല.
ജൂൺ 19 ന് കുവൈത്തിൽ നിന്നെത്തിയ ഹാരിസിനെ പുത്തൻകുരിശിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് 26 ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ശ്വാസംമുട്ടൽ രൂക്ഷമായതോടെ ഐസിയുവിലേക്കു മാറ്റി. ഒരാഴ്ച കൂടി കഴിഞ്ഞാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ബന്ധുക്കളെ അറിയിക്കുന്നത്. 13 നാണ് രോഗിയെ വാർഡിലേക്കു മാറ്റാൻ ബിപാപ് മെഷീൻ വാങ്ങാൻ ആവശ്യപ്പെടുന്നത്. 17ന് ഉച്ചയ്ക്ക് ഉച്ചയ്ക്കു ശേഷം ഉപകരണം ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉപയോഗിച്ചില്ലെന്ന് മനസ്സിലായത് വൈകിയാണ്. 20 ാം തീയതി രോഗി മരിച്ചു.
അതിനു ശേഷം ബന്ധുക്കൾ ആശുപത്രി അധികൃതരോട് യന്ത്രം തിരികെ ചോദിച്ചെങ്കിലും ആദ്യം നൽകാൻ തയാറായില്ല. അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. കൂടാതെ, രോഗി ആശുപത്രിയിലെത്തുമ്പോൾ കൂടെ കൊണ്ടുവന്നിരുന്ന 2 ബോക്സുകളിൽ ഒരെണ്ണവും പഴ്സും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. ഇവയും ഇതുവരെ ബന്ധുക്കൾക്ക് നൽകിയിട്ടില്ല. അതേസമയം രോഗിയെ വീട്ടിലേക്കു മാറ്റിയാലും ഉപയോഗിക്കാം എന്നതു പരിഗണിച്ചാണ് ഉപകരണം ബന്ധുക്കളെക്കൊണ്ട് വാങ്ങിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉപകരണം തിരികെ നൽകുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ പറഞ്ഞു
What's Your Reaction?






