കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പെരുമ്പാവൂരില്‍ അഞ്ഞൂറിലധികം പേരെ പങ്കെടുപ്പിച്ച് ബിജെപിയുടെ പരിപാടി

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന എറണാകുളത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് (flouting Covid 19 norms) ബിജെപിയുടെ പൊതുപരിപാടി. 500ലധികം പേരാണ് പങ്കെടുത്തത്.

Jan 17, 2022 - 13:26
 0

കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന എറണാകുളത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് (flouting Covid 19 norms) ബിജെപിയുടെ പൊതുപരിപാടി. 500ലധികം പേരാണ് പങ്കെടുത്തത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

എറണാകുളം ജില്ലയില്‍ ജനുവരി 16ന് 3204 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ 30ന് മുകളിലുമാണ്. ഈ സാഹചര്യത്തിലാണ് പൊതു പരിപാടികള്‍ക്കടക്കം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് ലംഘിച്ചാണ് ബി.ജെ.പി. പെരുമ്പാവൂരില്‍ പരിപാടി സംഘടിപ്പിച്ചത്.

പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തി. ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന നേതാവ് എസ്. സുരേഷ് അടക്കമുള്ള നേതാക്കളും പങ്കെടുക്കുകയും ചെയ്തു.

പെരുമ്പാവൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അടക്കം എട്ടു പോലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിയ്ക്കുകയും ചെയ്തിരുന്നു. ഈ പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ അടുത്താണ് ബിജെപിയുടെ പരിപാടി നടന്നത്. കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് പരിപാടി നടത്തിയതിന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു. സംഘാടകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow