അര്‍ബുദബാധിതയെ ഇറക്കിവിട്ട്‌ അമേരിക്കന്‍ എയര്‍ലൈന്‍സ്‌!

ന്യൂഡല്‍ഹി: അര്‍ബുദ രോഗിയായ യുവതിയെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന്‌ ഇറക്കിവിട്ടതായി ആരോപണം. ജനുവരി 30 ന്‌ ഡല്‍ഹിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കു പുറപ്പെടാനിരുന്ന വിമാനത്തിലാണു സംഭവം. അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ യുവതി ഓവര്‍ഹെഡ്‌ ക്യാബിനില്‍ തന്റെ ഹാന്‍ഡ്‌ബാഗ്‌ വയ്‌ക്കാന്‍ ഫ്‌ളൈറ്റ്‌ അറ്റന്‍ഡറുടെ സഹായം തേടിയതാണ്‌ ഇറക്കിവിടാന്‍ കാരണമെന്നു പറയപ്പെടുന്നു. യു.എസില്‍ താമസിക്കുന്ന മീനാക്ഷി സെന്‍ഗുപ്‌ത എന്ന യാത്രക്കാരിക്കാണ്‌ അമേരിക്കന്‍ എയര്‍ലൈന്‍സില്‍നിന്നുള്ള ദുരനുഭവം. അഞ്ചു പൗണ്ടില്‍ കൂടുതല്‍ തൂക്കമുള്ള ഹാന്‍ഡ്‌ബാഗാണ്‌ യുവതിയുടെ കൈയിലുണ്ടായിരുന്നത്‌. ഇത്‌ വിമാനത്തിന്റെ മുകളിലുള്ള ക്യാബിനിലേക്ക്‌ വയ്‌ക്കാന്‍ അധികൃതര്‍ […]

Feb 7, 2023 - 18:51
 0
അര്‍ബുദബാധിതയെ ഇറക്കിവിട്ട്‌ അമേരിക്കന്‍ എയര്‍ലൈന്‍സ്‌!

ന്യൂഡല്‍ഹി: അര്‍ബുദ രോഗിയായ യുവതിയെ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍നിന്ന്‌ ഇറക്കിവിട്ടതായി ആരോപണം. ജനുവരി 30 ന്‌ ഡല്‍ഹിയില്‍നിന്നു ന്യൂയോര്‍ക്കിലേക്കു പുറപ്പെടാനിരുന്ന വിമാനത്തിലാണു സംഭവം. അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ യുവതി ഓവര്‍ഹെഡ്‌ ക്യാബിനില്‍ തന്റെ ഹാന്‍ഡ്‌ബാഗ്‌ വയ്‌ക്കാന്‍ ഫ്‌ളൈറ്റ്‌ അറ്റന്‍ഡറുടെ സഹായം തേടിയതാണ്‌ ഇറക്കിവിടാന്‍ കാരണമെന്നു പറയപ്പെടുന്നു.


യു.എസില്‍ താമസിക്കുന്ന മീനാക്ഷി സെന്‍ഗുപ്‌ത എന്ന യാത്രക്കാരിക്കാണ്‌ അമേരിക്കന്‍ എയര്‍ലൈന്‍സില്‍നിന്നുള്ള ദുരനുഭവം. അഞ്ചു പൗണ്ടില്‍ കൂടുതല്‍ തൂക്കമുള്ള ഹാന്‍ഡ്‌ബാഗാണ്‌ യുവതിയുടെ കൈയിലുണ്ടായിരുന്നത്‌. ഇത്‌ വിമാനത്തിന്റെ മുകളിലുള്ള ക്യാബിനിലേക്ക്‌ വയ്‌ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശസ്‌ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാല്‍ ഒറ്റയ്‌ക്ക്‌ അതു ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാഗ്‌ ഉയര്‍ത്താന്‍ സഹായം അഭ്യര്‍ഥിച്ചു. പക്ഷേ, സഹായം നിരസിക്കുകയും തുടര്‍ന്ന്‌ വിമാനത്തില്‍നിന്ന്‌ ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്നു മീനാക്ഷി പരാതിയില്‍ പറയുന്നു.കാന്‍സര്‍ ബാധിതയായതിനാല്‍ തന്റെ കൈകാലുകള്‍ ദുര്‍ബലമാണെന്നും ഇതുനിമിത്തം ഹാന്‍ഡ്‌ബാഗ്‌ ഉയര്‍ത്തിവയ്‌ക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു. “ആരോഗ്യപ്രശ്‌നമുണ്ടെന്നു തിരിച്ചറിയാവുന്ന വിധത്തില്‍ ഒരു ബ്രേസ്‌ ഞാന്‍ ധരിച്ചിരുന്നു. എന്റെ കൈകള്‍ക്കു ഭാരമൊന്നും വഹിക്കാന്‍ കഴിയില്ല. ശസ്‌ത്രക്രിയ കാരണം ഞാന്‍ ദുര്‍ബലയാണ്‌. കൂടുതല്‍ നടന്ന്‌ സ്വയം ആയാസപ്പെടാനാവാത്തതിനാല്‍ സീറ്റിലേക്ക്‌ വീല്‍ചെയറിന്റെ സഹായവും താന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.” ഡല്‍ഹി പോലീസിനും സിവില്‍ എയറിനും നല്‍കിയ പരാതിയില്‍ മീനാക്ഷി സെന്‍ ഗുപ്‌ത പറയുന്നു. ഗ്രൗണ്ട്‌ സ്‌റ്റാഫ്‌ നല്ല പിന്തുണ നല്‍കിയതായും വിമാനത്തില്‍ കയറാനും ഹാന്‍ഡ്‌ബാഗ്‌ സീറ്റിന്റെ വശത്തു വയ്‌ക്കാനും സഹായിച്ചതായും ഇവര്‍ പറയുന്നുണ്ട്‌.

വിമാനത്തിനുള്ളില്‍ വച്ച്‌ എയര്‍ ഹോസ്‌റ്റസുമായി സംസാരിച്ചിരുന്നു. അവരോട്‌ തന്റെ ആരോഗ്യസ്‌ഥിതി വിശദീകരിച്ചു. അപ്പോഴൊന്നും ഹാന്‍ഡ്‌ബാഗിനെക്കുറിച്ചു പറഞ്ഞില്ല. ഫ്‌ളൈറ്റ്‌ പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ ക്യാബിന്‍ ലൈറ്റുകള്‍ ഡിം ചെയ്‌തു. അപ്പോഴാണ്‌ ഒരു എയര്‍ഹോസ്‌റ്റസ്‌ ഹാന്‍ഡ്‌ബാഗ്‌ ഓവര്‍ഹെഡ്‌ കമ്പാര്‍ട്ട്‌മെന്റില്‍ വയ്‌ക്കാന്‍ പറഞ്ഞത്‌. താന്‍ അവരോട്‌ സഹായിക്കാന്‍ അഭ്യര്‍ഥിച്ചു. പക്ഷേ അവര്‍ അതിനു വിസമ്മതിച്ചു. അത്‌ അവളുടെ ജോലിയല്ലെന്നു പറയുകയും ചെയ്‌തു- മീനാക്ഷി സെന്‍ ഗുപ്‌ത തുടരുന്നു.
സഹായിക്കാന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും രണ്ടാമത്തെ അഭ്യര്‍ഥന പരുഷമായി നിരസിച്ചശേഷം ഹാന്‍ഡ്‌ബാഗ്‌ സ്വയം വയ്‌ക്കാന്‍ എയര്‍ഹോസ്‌റ്റസ്‌ പറഞ്ഞതായാണ്‌ ഇവരുടെ വിശദീകരണം. സംഭവത്തെക്കുറിച്ചു പരാതിപ്പെടാന്‍ ചെന്നപ്പോള്‍ വിമാനത്തിലെ അംഗങ്ങള്‍ നിസംഗരായിരുന്നെന്നും ഇതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്‌ അറിയിച്ചതെന്നും അവര്‍ ആരോപിച്ചു. അസ്വസ്‌ഥതയുണ്ടെങ്കില്‍ വിമാനത്തില്‍നിന്ന്‌ ഇറങ്ങണമെന്നാണ്‌ അവര്‍ പറഞ്ഞത്‌. ഇക്കാര്യത്തില്‍ അവര്‍ ഒരുമിച്ചു നിന്നതായും മീനാക്ഷി സെന്‍ ഗുപ്‌ത പറഞ്ഞു.


ഈ സംഭവം സാമൂഹിക മാധ്യമങ്ങളിലും വൈറലായി. നടപടി വേണമെന്ന്‌ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും ഡല്‍ഹി വനിതാ കമ്മിഷനോടും ഒട്ടേറെ ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്‌. അതേസമയം ഡയറക്‌ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കേസ്‌ ഏറ്റെടുക്കുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു.


യാത്രാടിക്കറ്റിന്റെ പണം തിരികെ നല്‍കുന്നതിനായി തങ്ങളുടെ കസ്‌റ്റമര്‍ റിലേഷന്‍സ്‌ ടീം മീനാക്ഷി സെന്‍ഗുപ്‌തയെ സമീപിച്ചിട്ടുണ്ടെന്ന്‌ എയര്‍ലൈന്‍സ്‌ പ്രസ്‌താവനയിലൂടെ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow