ചില്ലറ ചോദിച്ചാൽ 3 വർഷം ജയിൽ ശിക്ഷ; ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാർ
യാത്രക്കാർ ചില്ലറ ചോദിക്കുന്നത് പൊതു സേവകന്റെ ജോലി തടസപ്പെടുത്തുന്നതായി കണക്കാക്കുമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 3 വർഷം വരെ ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പോസ്റ്ററില്‍ പറയുന്നു.
യാത്രക്കാർ ചില്ലറ ചോദിക്കുന്നത് പൊതു സേവകന്റെ (Public Servant) ജോലി തടസപ്പെടുത്തുന്നതായി കണക്കാക്കുമെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ 3 വർഷം വരെ ജയിൽശിക്ഷ (Imprisonment) അനുഭവിക്കേണ്ടി വരുമെന്നും എഴുതിയ പോസ്റ്ററുകൾ ബസുകളിലുടനീളം (Bus) ഒട്ടിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (North Western Karnataka Road Transport Corporation - NWKRTC). കർണാടകയിലെ ആറ് ജില്ലകൾ ഉൾക്കൊള്ളുന്ന എൻഡബ്‌ള്യൂകെആർടിസിയ്ക്ക് എട്ട് ഡിവിഷനുകളാണ് ഉള്ളത്.
പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരും ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നത് പുതിയ കാര്യമല്ല. ബസ് ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്തതും ചില്ലറയില്ലാത്തതും ബാക്കി തുക കൊടുക്കാന്‍ ഇല്ലാത്തതും വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് പലപ്പോഴും ബസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ട അവസ്ഥ പോലും സൃഷ്ടിക്കാറുണ്ട്. ചില വഴക്കുകൾ പൊലീസ് സ്റ്റേഷനില്‍ വരെ ചെന്നെത്താറുണ്ട്. യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വളരെയധികം പ്രയാസം ഉണ്ടാക്കുന്ന സംഭവങ്ങളാണിവ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു കൊണ്ടാണ് എന്‍ഡബ്ല്യുകെആര്‍ടിസി അതിന്റെ എല്ലാ ബസുകളിലും ഈ പോസ്റ്ററുകള്‍ പതിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ബസുകളില്‍ കയറിയ യാത്രക്കാര്‍ ഈ പോസ്റ്ററുകള്‍ കണ്ട് ഞെട്ടി, ''കൃത്യമായി തുകയുണ്ടോ എന്ന് ഞാന്‍ എന്റെ പേഴ്സ് പരിശോധിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രമാണ് യാത്ര തുടരാന്‍ തീരുമാനിച്ചത്. ചില്ലറ കൈയിലില്ലാത്തതിന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷയോ? ആര്‍ടിസി ഈ നിയമം തുടരുകയാണെങ്കില്‍ ജനങ്ങൾ സ്വകാര്യ ബസുകളെ ആശ്രയിക്കാൻ തുടങ്ങും'', ബാഗല്‍കോട്ടിലെ സ്‌കൂള്‍ അധ്യാപകനായ കെമ്പണ്ണ ഹവല്‍ദാര്‍ പറഞ്ഞു. അയാള്‍ എന്‍ഡബ്ല്യുകെആര്‍ടിസി ബസുകളിലെ പതിവ് യാത്രക്കാരനാണ്.
'ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ സെക്ഷന്‍ 21 പ്രകാരം, സുപ്രീം കോടതി എന്‍ഡബ്ല്യുകെആര്‍ടിസി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പൊതുസേവകരായാണ് കണക്കാക്കുന്നത്. അതിനാല്‍ ഡ്യൂട്ടി തടസ്സപ്പെടുത്തുകയോ ഡ്രൈവറെയോ കണ്ടക്ടറെയോ ഡ്യൂട്ടി സമയത്ത് ആക്രമിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെക്ഷന്‍ 332, 353 എന്നിവ പ്രകാരം മൂന്ന് വര്‍ഷം തടവും ഐപിസി സെക്ഷന്‍ 186 പ്രകാരം 3 മാസം തടവും അനുഭവിക്കേണ്ടി വരും,' കന്നഡയിൽ എഴുതിയ കുറിപ്പില്‍ പറയുന്നു.
കര്‍ണാടകയിലുടനീളമുള്ള വിവിധ ആര്‍ടിസികള്‍ ചില്ലറയുടെ പേരിലുള്ള സംഘര്‍ഷം ഒഴിവാക്കാൻ ക്യാഷ്‌ലെസ് മാർഗങ്ങൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ളആലോചനയിലാണ്. എന്നാല്‍ ഇത് നടപ്പാക്കാന്‍ സമയമെടുക്കും. കൃത്യമായി ചില്ലറനല്‍കി സഹകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാമെന്ന് ഹുബ്ബള്ളിയിലെ എന്‍ഡബ്ല്യുകെആര്‍ടിസി ചീഫ് ട്രാഫിക് മാനേജര്‍ പറഞ്ഞു. ബോര്‍ഡുകള്‍ എത്രയും വേഗം നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഡില്‍ ധാരാളം കാറുകളും വാഹനങ്ങളും ഉണ്ടെങ്കിലും, വലിയൊരു വിഭാഗം ആളുകള്‍ ഇപ്പോഴും ബസുകളും മെട്രോ ട്രെയിനുകളും പോലുള്ള പൊതുഗതാഗത സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
What's Your Reaction?