രണ്ടര കോടിയുടെ കാർ വാങ്ങിയതിന് പിന്നാലെ അപകടം; കാറിന്‍റെ മുൻവശം തകർന്നു ഉടമ പരിക്കില്ലാതെ രക്ഷപെട്ടു
സ്വന്തം കാറിൽ ചെറിയൊരു പോറൽ പോലും ആരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ രണ്ടര കോടി രൂപയുടെ കാർ വാങ്ങിയ ഉടൻ നല്ലൊരു അപകടത്തിൽപ്പെട്ട് (Accident) മുൻഭാഗം പൂർണമായും തകർന്നാലോ? കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ഡർബിയിൽ നടന്ന ഒരു കാര്യമാണ്. രണ്ടര കോടി രൂപ വില വരുന്ന ഫെരാരി (Ferrari Car) കാറാണ്, വാങ്ങിയ ഉടൻ അപകടത്തിൽപ്പെട്ടത്. ഷോറൂമിൽനിന്ന് വാങ്ങിയ കാർ വെറും നാല് കിലോമീറ്റർ ഓടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണമായും തകർന്നു. അമിത വേഗമാണ് അപകടത്തിനിടയാക്കിയത്. എന്നാൽ കാർ ഓടിച്ചിരുന്ന ഉടമയായ യുവാവ് പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.
ഏപ്രിൽ ഒന്നാം തീയതിയാണ് കാർ അപകടത്തിൽപ്പെട്ടത്. ഡെർബിഷെയർ റോഡ് പൊലീസിങ് യൂണിറ്റ് ട്വിറ്ററിലൂടെയാണ് ഈ അപകടവാർത്ത പങ്കുവെച്ചത്. മുൻ ഭാഗം തകർന്ന കാറിന്‍റെ ചിത്രങ്ങൾ ഉൾപ്പടെയാണ് ഡെർബിഷെയർ റോഡ് പൊലീസിങ് യൂണിറ്റ് ട്വീറ്റ് ചെയ്തത്.
ഫെരാരി 488 എന്ന മോഡൽ കാറാണ് അപകടത്തിൽപ്പെട്ടത്. ഏകദേശം രണ്ടര കോടിയോളം രൂപ വില വരുന്നതാണ് ഈ കാർ. ഡെർബിഷെയർ റോഡ് പൊലീസിങ് യൂണിറ്റ് ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റ് വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല.
നിരവധി പേരാണ് ഈ വാർത്തയോട് പ്രതികരിച്ച് രംഗത്തെത്തിയത്. കാർ ഓടിച്ചിരുന്നയാളുടെ ശ്രദ്ധക്കുറവിന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം തന്നെ ഡ്രൈവറെ പിന്തുണച്ചും നിരവധി അഭിപ്രായ പ്രകടനങ്ങൾ ഉയർന്നിട്ടുണ്ട്.
സമാനമായ മറ്റൊരു അപകടം അടുത്തിടെ നെതർലൻഡ്സിൽ സംഭവിച്ചിരുന്നു. അതും ഒരു ഫെരാറി കാർ ആയിരുന്നു. 2.2 കോടി രൂപ വില വരുന്ന ഫെരാരി പിസ്ത മോഡൽ കാറാണ് വാങ്ങിയതിന്‍റെ പിറ്റേ ദിവസം അപകടത്തിൽപ്പെട്ട് തകർന്നത്. നിയന്ത്രണം വിട്ട കാർ റോഡിന് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിന്‍റെ വാർത്ത ലോകമെങ്ങും വൈറലായിരുന്നു
What's Your Reaction?