തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ മുംബൈയെ വരിഞ്ഞുമുറുക്കി രാജസ്ഥാന്‍ ബൗളര്‍മാര്‍; രാജസ്ഥാന് 23 റണ്‍സ് ജയം

Apr 3, 2022 - 10:53
 0
തകര്‍പ്പന്‍ ബാറ്റിംഗിന് പിന്നാലെ മുംബൈയെ വരിഞ്ഞുമുറുക്കി രാജസ്ഥാന്‍ ബൗളര്‍മാര്‍; രാജസ്ഥാന് 23 റണ്‍സ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെ ((Mumbai Indians) 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടാന്‍ കഴിഞ്ഞുള്ളൂ. 33 പന്തില്‍ 61 റണ്‍സ് നേടിയ തിലക് വര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.

മുംബൈക്കായി ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ച്വറി നേടി. 43 പന്തില്‍ 54 റണ്‍സാണ് ഇഷാന്‍ നേടിയത്. രാജസ്ഥാനായി യുസ്വേന്ദ്ര ചഹല്‍, നവ്ദീപ് സെയ്‌നി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു.

മുംബൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 15-ല്‍ നില്‍ക്കേ വെറും 10 റണ്‍സ് മാത്രമെടുത്ത നായകന്‍ രോഹിത് ശര്‍മ പുറത്തായി. അനാവശ്യ ഷോട്ട് കളിച്ച രോഹിത് പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ വന്ന അന്‍മോല്‍പ്രീത് സിങ്ങിനും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. വെറും അഞ്ച് റണ്‍സെടുത്ത താരത്തെ നവ്ദീപ് സെയ്നി ദേവ്ദത്തിന്റെ കൈയ്യിലെത്തിച്ചു.


എന്നാല്‍ പിന്നീടങ്ങോട്ട് മുംബൈ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. തകര്‍ത്തടിച്ച ഇഷാന്‍ കിഷന്റെയും യുവതാരം തിലക് വര്‍മ്മയുടെയും കരുത്തില്‍ മുംബൈ 100 കടന്നു. ഒപ്പം കിഷന്‍ അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. എന്നാല്‍ ടീം സ്‌കോര്‍ 121-ല്‍ നില്‍ക്കേ 54 റണ്‍സെടുത്ത ഇഷാന്‍ പുറത്തായി. ട്രെന്റ് ബോള്‍ട്ടാണ് താരത്തെ മടക്കിയത്. പക്ഷേ മറുവശത്ത് തിലക് മികച്ച പ്രകടനം പുറത്തെടുക്കുകയും അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു. താരത്തിന്റെ കന്നി ഐപിഎല്‍ അര്‍ധസെഞ്ച്വറി കൂടിയാണിത്. കിഷന് പകരം പൊള്ളാര്‍ഡാണ് ക്രീസിലെത്തിയത്.

എന്നാല്‍ അധികം വൈകാതെ തിലകിനെ മടക്കി അശ്വിന്‍ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. 33 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും കരുത്തില്‍ 61 റണ്‍സെടുത്ത തിലകിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ച ശേഷമാണ് തിലക് ക്രീസ് വിട്ടത്. തിലകിന് പകരം ടിം ഡേവിഡ് ക്രീസിലെത്തി. എന്നാല്‍ ഡേവിഡിനെ വെറും ഒരു റണ്ണിന് വിക്കറ്റിന് മുന്നില്‍ കുടുക്കി ചഹല്‍ മത്സരം രാജസ്ഥാന് അനുകൂലമാക്കി. പിന്നാലെ വന്ന ഡാനിയല്‍ സാംസിനെ ആദ്യ പന്തില്‍ തന്നെ ചഹല്‍ മടക്കി. തകര്‍പ്പന്‍ ക്യാച്ചിലൂടെ ബട്ട്‌ലര്‍ സാംസിനെ പറഞ്ഞയച്ചു.

തൊട്ടടുത്ത പന്തില്‍ മുരുകന്‍ അശ്വിനെ പുറത്താക്കി ഹാട്രിക്ക് നേടാനുള്ള അവസരം ചഹലിന് ലഭിച്ചെങ്കിലും അത് നടന്നില്ല. അശ്വിന്റെ ക്യാച്ച് സബ്ബായി വന്ന കരുണ്‍ നായര്‍ നിലത്തിട്ടു.

അവസാന രണ്ടോവറില്‍ മുംബൈയുടെ വിജയലക്ഷ്യം 39 റണ്‍സായി മാറി. പ്രസിദ്ധ് കൃഷ്ണ ചെയ്ത 19-ാം ഓവറില്‍ പൊള്ളാര്‍ഡിനെ പുറത്താക്കാനുള്ള അനായാസ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ പാഴാക്കി. പിന്നാലെ അശ്വിനെ സഞ്ജു റണ്‍ ഔട്ടാക്കി. ഓവറില്‍ വെറും 10 റണ്‍സ് മാത്രമാണ് പ്രസിദ്ധ് വഴങ്ങിയത്. ഇതോടെ മുംബൈയുടെ വിജയലക്ഷ്യം അവസാന ഓവറില്‍ 29 റണ്‍സായി മാറി. നവ്ദീപ് സെയ്നി ചെയ്ത അവസാന ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് പിറന്നത്. പൊള്ളാര്‍ഡിന്റെ വിക്കറ്റും താരം സ്വന്തമാക്കി. ഇതോടെ രാജസ്ഥാന്‍ 23 റണ്‍സിന്റെ വിജയം നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 68 പന്തില്‍ 100 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറും, 14 പന്തില്‍ 35 റണ്‍സ് നേടിയ ഷിംറോണ്‍ ഹെട്‌മെയറുമാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

ഐപിഎല്‍ 15ആം സീസണിലെ ആദ്യ സെഞ്ച്വറിയാണ് ബട്ട്ലര്‍ നേടിയിരിക്കുന്നത്. നായകന്‍ സഞ്ജു സാംസണ്‍ 21 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം 30 റണ്‍സ് നേടി. മുംബൈക്കായി ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow