എറണാകുളം ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി നടപ്പാക്കിവരുന്ന റോഷ്നി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ബിഹാറിലെ പുരാതന ചിത്രകലാരൂപമായ മധുബനി ചിത്രകല പരിശീലനം സമാപിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപന ചടങ്ങ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
പരിശീലനം ലഭിച്ച വിദ്യാർത്ഥികളുടെ ചിത്രങ്ങളും മറ്റു കരകൗശല വസ്തുക്കളും ഉൾപ്പെടുത്തി കൊച്ചി മെട്രോയിൽ വിപുലമായ പ്രദർശനം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വിവിധ ബ്രാൻഡുകളുമായി കൈകോർത്ത് ഇവ മാർക്കറ്റ് ചെയ്യാനും അതു വഴി വിദ്യാർത്ഥികൾക്ക് ചെറിയ വരുമാനം ഉണ്ടാക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
റോഷ്നി പദ്ധതിയിൽ ഉൾപ്പെട്ട അഞ്ച് സ്കൂളുകളിൽ നിന്നായി 31 അതിഥി വിദ്യാർത്ഥികളാണ് പത്ത് ദിവസം നീണ്ടു നിന്ന പരിശീലനത്തിൽ പങ്കെടുത്തത്.പഠനത്തോടൊപ്പം അതിഥി വിദ്യാർത്ഥികൾക്ക് തൊഴിൽ നൈപുണ്യം കൂടി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നോർത്ത് ഇടപ്പള്ളി കുന്നുംപുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹാളിലാണ് പരിശീലനം നടന്നത്.
ബിഹാർ സ്വദേശികളും പ്രമുഖ മധുബനി കലാകാരന്മാരുമായ ചന്ദ്രകാന്ത് കുമാർ ബാരി, ലളിത ദത്ത എന്നിവർ ബിഹാറിൽനിന്ന് എത്തിയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. ചടങ്ങിൽ പരിശീലകർക്കും പരിശീലനം നേടിയ വിദ്യാർത്ഥികൾക്കും ജില്ലാ കളക്ടർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ചടങ്ങിൽ അസിസ്റ്റൻ്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, റോഷ്നി പദ്ധതി ജനറൽ കോ ഓഡിനേറ്റർ സി.കെ. പ്രകാശ്, അക്കാദമിക് കോ ഓഡിനേറ്റർ ഡോ. ജയശ്രി കുളക്കുന്നത്ത്, ബി പി സി എൽ കൊച്ചി റിഫൈനറി സി എസ് ആർ സീനിയർ മാനേജർ ആർ രാജീവ്, റോഷ്നി പദ്ധതി വോളൻ്റിയർ ദറക്ഷ പർവീൺ എന്നിവർ പങ്കെടുത്തു