ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ഓർമയായിട്ട് മൂന്ന് വർഷം

ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാവണം സ്വപ്നം." - അന്തരിച്ച രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണിത്. തന്റെ പുസ്തകങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇന്ത്യയിലെ യുവജനങ്ങൾക്ക് പ്രചോദനമായിരുന്ന ഡോ. എ. പി.ജെ അബ്ദുൾ കലാം

Jul 28, 2018 - 03:07
 0
ഇന്ത്യയുടെ ജനകീയ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാം ഓർമയായിട്ട്  മൂന്ന് വർഷം

"ഉറങ്ങുമ്പോൾ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാവണം സ്വപ്നം." - അന്തരിച്ച രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണിത്. തന്റെ പുസ്തകങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ഇന്ത്യയിലെ യുവജനങ്ങൾക്ക് പ്രചോദനമായിരുന്ന ഡോ. എ. പി.ജെ അബ്ദുൾ കലാം ഓർമയായിട്ട് മൂന്ന് വർഷം കഴിഞ്ഞു. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ബഹിരാകാശ വിദഗ്ധനുമായിരുന്ന അബ്ദുൾ കലാമിനെ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. 1931ഒക്ടോബർ 15 ന് രാമേശ്വരത്താണ് എ.പി.ജെ അബ്ദുൾ കലാം എന്ന അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാം ജനിച്ചത്. ബാല്യത്തിൽ വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് അദ്ദേഹം വളർന്നതും വിദ്യാഭ്യാസം നേടിയതും.

നക്ഷത്രങ്ങളെ സ്വപ്നം കണ്ട അബ്ദുൾ കലാം ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം, ഐഎസ്ആർഒ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുകയും ഇന്ത്യൻ മിസൈൽ സാങ്കേതിക വിദ്യക്ക് ഒട്ടനവധി സംഭാവനകൾ നൽകുകയും ചെയ്തു. 2002 ൽ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്നു. അന്നത്തെ ഭരണപക്ഷമായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും അദ്ദേഹത്തെ ഒരുപോലെ പിന്തുണച്ചു. 2005 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞത്.

രാഷ്ട്രപതി പദവിയിൽ നിന്നും വിരമിച്ച ശേഷം അബ്ദുൾ കലാം അധ്യാപനം, എഴുത്ത്, പ്രഭാഷണം എന്നീ മേഖലകളിൽ തുടർന്നു. ഐഐഎം അഹമ്മദാബാദ്, ഐഐഎം ഇൻഡോർ എന്നീ സ്ഥാപനങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. മുപ്പതോളം സർവ്വകലാശാലകളിൽ നിന്നും ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കപ്പെട്ട അദ്ബുൾ കലാമിനേ രാജ്യം പരമോന്നത ബഹുമതികളായ പദ്മഭൂഷൻ(1981), പദ്മവിഭൂഷൻ(1990), ഭാരതരത്നം(1997) എന്നിവ നൽകി ആദരിച്ചു. രാജ്യത്തിന് മുഴുവൻ തീരാദുഃഖമായി 2015 ജൂലൈ 27 ന് അദ്ദേഹം നമ്മോട് വിട പറഞ്ഞു. ഷില്ലോങിലെ ഐഐഎമ്മിൽ പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. രാഷ്ട്രപതിമാർ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ വിമുഖത കാട്ടുകയും ജനങ്ങളിൽ നിന്ന് അകലുകയും ചെയ്യുന്ന ഈ കാലത്ത് അബ്ദുൾ കലാമിനെ പോലൊരു രാഷ്ട്രപതി എന്നും ഓർമ്മിക്കപ്പെടട്ടെ.

What's Your Reaction?

like

dislike

love

funny

angry

sad

wow