അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല

Mar 23, 2024 - 17:52
 0
അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല

ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും കെജ്‌രിവാൾ ഒഴിയില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നാണ് ഇപ്പോഴത്തെ വിവരം. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തെങ്കിലും അരവിന്ദ് കെജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

‘ഞാൻ ജയിലിലായാലും പുറത്തായാലും സർക്കാർ അവിടെ പ്രവർത്തിക്കും,’ എന്ന് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെ കെജ്‌രിവാൾ പ്രതികരിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമം ചൂണ്ടിക്കാട്ടി അറസ്റ്റിലാകുന്ന ഒരാൾക്ക് ആ പദവി വഹിക്കുന്നതിന് നിയമ തടസമില്ല, ഈ നിയമം അനുസരിച്ച്, ശിക്ഷിക്കപ്പെട്ടതിന് ശേഷം മാത്രമേ അയോഗ്യത ഉണ്ടാവുകയുള്ളു. എന്നാൽ നിയമപരമായി ഒരു തടസമില്ലെങ്കിലും ഭരണപരമായി ഇത് അസാധ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഇഡി കേസും നടപടിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം. ഇതിനായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാൻ എഎപി ആലോചിക്കുന്നുണ്ട്. കേസിൽ കെ കവിത- അരവിന്ദ് കെജ്‌രിവാൾ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്.

രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കെജരിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പ്രവർത്തകർ ഉയർത്തിയത്. നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് എഎപി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഈ മാസം 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ പ്രതിഷേധം നടത്തുമെന്ന് ആം ആദ്മി അറിയിച്ചു. അതേസമയം, സംഘർഷസാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഎപി ആസ്ഥാനം കേന്ദ്രസേന വളഞ്ഞിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow