തെലങ്കാനയിൽ നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ടു, കോൺഗ്രസിൽ ചേരും
നടിയും മുൻ എംപിയുമായ വിജയശാന്തി ബിജെപി വിട്ട് വീണ്ടും കോൺഗ്രസിൽ ചേരും. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ബിജെപിക്ക് തിരിച്ചടിയായി വിജയശാന്തി പാർട്ടി വിടുന്നത്. ബിജെപി അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിക്ക് അവർ രാജിക്കത്ത് നൽകി.
രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വച്ച് വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടത്. 2009 ൽ ടിആർഎസിൽനിന്ന് എംപിയായ വിജയശാന്തി 2014 ൽ കോൺഗ്രസിലെത്തി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തോൽവിയെത്തുടർന്നാണ് ബിജെപിയിലെത്തിയത്.
കുറച്ചു ദിവസം മുൻപ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മല്ലു രവി വിജയശാന്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേരാൻ തീരുമാനമായത്.
What's Your Reaction?