പത്തനംതിട്ടയിൽ യുഡിഎഫിന് തിരിച്ചടി; വിക്ടർ ടി. തോമസ് ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ബിജെപിയിലേക്കെന്ന് സൂചന

Apr 18, 2023 - 15:24
 0
പത്തനംതിട്ടയിൽ യുഡിഎഫിന് തിരിച്ചടി; വിക്ടർ ടി. തോമസ് ജില്ലാ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു; ബിജെപിയിലേക്കെന്ന് സൂചന

യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായിരുന്ന വിക്ടർ ടി തോമസ് യുഡിഎഫ് വിട്ടു. പിജെ ജോസെഫിന്റെ കീഴിലെ കേരളാ കോൺഗ്രസ് പ്രവർത്തന‌മില്ലാത്ത കടലാസ് സംഘടനയായി മാറിയതും, യുഡിഎഫ് സംവിധാനം പത്തനംതിട്ടയിൽ നിർജീവമായതുമാണ് തന്റെ രാജിക്ക് കാരണമെന്ന് വിക്ടർ ടി തോമസ് പറഞ്ഞു. ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളോട് വിയോജിപ്പ് ഇല്ലെന്നും ഭാവി പ്രവർത്തനങ്ങൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയില്‍ ചേരാനാണ് വിക്ടര്‍ ടി തോമസ് ഒരുങ്ങുന്നതെന്നാണ് സൂചന. സെറിഫെഡ് മുന്‍ ചെയര്‍മാനായിരുന്നു. തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിക്ടറിന് വിജയം സ്വന്തം ‘പേരിൽ’ മാത്രമായി ഒതുങ്ങി.

 

1991 മുതൽ യുഡിഫ് സിറ്റിംഗ് സീറ്റായ തിരുവല്ലയിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുള്ള ശക്തനായ വിമതൻ വന്നതിനാൽ 2006ൽ മാത്യു ടി തോമസിനോട് പരാജയപ്പെട്ടു. 2011ല്‍ പുനർനിർണയിക്കപ്പെട്ട മണ്ഡലത്തിൽ അപ്രതീക്ഷിതമായി വീണ്ടും സ്ഥാനാർത്ഥിയായി. പക്ഷെ വീണ്ടും എതിർപക്ഷത്തിന്റെ ‘കളി’യിൽ വീണ്ടും പരാജയപ്പെട്ടു.

 

ഒരിക്കൽ ജോസ് കെ മാണിയുടെ ഏറ്റവും അടുപ്പക്കാരൻ എന്ന എതിരാളികൾ ആരോപിച്ചിരുന്ന വിക്ടർ പിന്നീട് അദ്ദേഹവുമായി അകന്നു. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിനായി വിക്ടര്‍ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു. ആ തര്‍ക്കമാണ് ഇപ്പോള്‍ പാര്‍ട്ടി വിടുന്നതിലേക്ക് എത്തിയിരിക്കുന്നതെന്നാണ് വിവരം.

കെഎസ്‌സി(എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ വിക്ടർ ടി തോമസ്  പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്ത് ബിജെപി പിന്തുണ ഉണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow