ഇന്റിമേറ്റ്‌വെയർ ബ്രാന്‍ഡായ Cloviaയെ ഏറ്റെടുത്ത് Reliance Retail; 89% ഓഹരികള്‍ സ്വന്തമാക്കി

റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് (RRVL) ഇന്റിമേറ്റ് വെയര്‍ ബ്രാന്‍ഡായ ക്ലോവിയയെ (Clovia) ഏറ്റെടുത്തു. ക്ലോവിയ ബ്രാന്‍ഡിന്റെ നിർമാതാക്കളായ പര്‍പ്പിള്‍ പാന്‍ഡ ഫാഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Purple Panda Fashions Private Limited) 89 ശതമാനം ഓഹരിയാണ് 950 കോടി രൂപ മുടക്കി റിലയന്‍സ് റീട്ടെയില്‍ (Reliance Retail) വെഞ്ച്വേഴ്സ് സ്വന്തമാക്കിയത്.

പങ്കജ് വെര്‍മാനി, നേഹ കാന്ത്, സുമന്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന് 2013ലാണ് ക്ലോവിയ ആരംഭിച്ചത്. സ്ത്രീകളുടെ ഇന്നര്‍വെയര്‍, ലോഞ്ച്വെയര്‍ എന്നിവയ്ക്കായുള്ള ഒരു ബ്രിഡ്ജ്-ടു-പ്രീമിയം D2C ബ്രാന്‍ഡാണ് ക്ലോവിയ. പ്രമുഖ ഇന്റിമേറ്റ് വെയര്‍ ബ്രാന്‍ഡുകളായ സിവാമെ, അമാന്‍ഡെ എന്നിവയ്ക്കു പിന്നാലെയാണ് റിലയൻസ് ക്ലോവിയയെ സ്വന്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ഫാഷന്‍, റീട്ടെയില്‍ ബ്രാന്‍ഡുകളെയാണ് റിലയന്‍സ് ഏറ്റെടുത്തത്.

''ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകൾ ലഭ്യമാക്കുന്നതിലും മികച്ച മൂല്യവും ഗുണമേന്മയും വാഗ്ദാനം ചെയ്യുന്നതിലും റിലയന്‍സ് എപ്പോഴും മുന്‍പന്തിയിലായിരുന്നു. സ്റ്റൈല്‍, ക്വാളിറ്റി, ഡിസൈന്‍ എന്നിവയിൽ മുമ്പിൽ നിൽക്കുന്ന ഇന്റിമേറ്റ് വെയര്‍ ബ്രാന്‍ഡായ ക്ലോവിയയെ റിലയൻസിന്റെ ഭാഗമാക്കുന്നതിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ക്ലോവിയയിലെ മാനേജ്മെന്റ് ടീമുമായി ചേര്‍ന്ന് ബിസിനസിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'', റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.

''ഈ പങ്കാളിത്തത്തിലൂടെ റിലയന്‍സിന്റെ പ്രചാരം, റീട്ടെയില്‍ വൈദഗ്ധ്യം എന്നിവ പ്രയോജനപ്പെടുത്താനും ബ്രാന്‍ഡിന്റെ സാന്നിധ്യം വിപുലീകരിക്കാനും ഞങ്ങൾക്ക് കഴിയും. ഇന്റിമേറ്റ് വെയര്‍ വിഭാഗത്തില്‍ ലോകോത്തര നിലവാരം, ഡിസൈന്‍, ഫാഷന്‍ എന്നിവ ഉൾച്ചേർത്തുകൊണ്ട് മികച്ച മൂല്യം ഉറപ്പുവരുത്താനും ഞങ്ങൾക്ക് കഴിയും'', ക്ലോവിയയുടെ സ്ഥാപകയും സിഇഒയുമായ പങ്കജ് വെർമാനി പ്രതികരിച്ചു. ഇന്റിമേറ്റ് വെയർ വിഭാഗത്തിലെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡായി ക്ലോവിയയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് റീട്ടെയിലിന്റെ ഈ മാസത്തെ രണ്ടാമത്തെ ഏറ്റെടുക്കലാണിത്. 30 വര്‍ഷം പഴക്കമുള്ള ഡിസൈനര്‍ ബ്രാന്‍ഡായ അബ്രഹാം ആൻഡ് താക്കൂറിലെ (എ&ടി) ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിനായി നിക്ഷേപം നടത്തുമെന്ന് മാര്‍ച്ച് 1ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആർആർവിഎൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനി കൂടിയാണ്. 2021 മാര്‍ച്ച് 31 ന് ആര്‍ആര്‍വിഎല്‍ 1,57,629 കോടി രൂപയുടെ (21.6 ബില്യണ്‍ ഡോളര്‍) ഏകീകൃത വിറ്റുവരവും 5,481 കോടി രൂപയുടെ (750 ദശലക്ഷം ഡോളര്‍) അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തു.