ഉപരാഷ്ട്രപതിയുടെ സന്ദർശനം; കളമശേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ സന്ദർശനത്തിനോടനുബന്ധിച്ച് കളമശേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് ഗതാഗത നിയന്ത്രണം. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചിയിലെത്തിയത്. രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി പോയ അദ്ദേഹം പത്ത് മണി കഴിയുന്നതോടെയാണ് കളമശേരിയിലേക്കെത്തുന്നത്.
തിങ്കളാഴ്ച രാവിലെ കളമശേരിയിൽ തിരിച്ചെത്തുന്ന ഉപരാഷ്ട്രപതി 10:55 നു നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി ആശയ വിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 12:35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.
രാവിലെ ഏഴുമുതൽ എട്ടുവരെ ബോൾഗാട്ടി, ഹൈക്കോടതി ജങ്‌ഷൻ, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, എംജി റോഡ്, നേവൽ ബേസ് എന്നിവിടങ്ങളിലും, രാവിലെ എട്ട് മണി മുതൽ 01 വരെ സാഷണൽ ഹൈവേ 544, കളമശേരി എസ് സി എം എസ് മുതൽ കളമശേരി എച്ച്എംടി സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജങ്ഷൻ, മെഡിക്കൽ കോളേജ് റോഡിൽ കളമശേരി നുവാൽസ് വരെയും നിയന്ത്രണം ഉണ്ടായിരിക്കും.
ഇന്നലെ വൈകീട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിൻ്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അഡ്വ ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഡിജിപി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷ് തുടങ്ങിയവരും സ്വീകരിക്കാൻ എത്തിയിരുന്നു.
ഭാര്യ ഡോ സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഉപരാഷ്ട്രപതി കൊച്ചയിലെത്തിയത്. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ട്. വിമാനത്താവളത്തിൽ നിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് തിരിച്ച ഉപരാഷ്ട്രപതി ഇന്നലെ രാത്രി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിലാണ് തങ്ങിയത്. ഇവിടെ നിന്നാണ് ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂരിലേക്ക് പോയത്.
രാവിലെ ഒൻപതോടെയാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തുക. അര മണിക്കൂറിനുള്ളിൽ ദർശനം പൂർത്തിയാക്കി കൊച്ചിയിലേക്കു മടങ്ങും. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നു ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്രദർശനം എന്നിവയ്ക്കാണു നിയന്ത്രണം.
What's Your Reaction?






