മികച്ച 4ജി സേവനങ്ങളിലൂടെ ഉപഭോക്തൃ അടിത്തറ നിലനിർത്താൻ ബിഎസ്എൻഎലിന് കഴിയും: ചെയർമാൻ പികെ പുർവാർ

ഈ സാമ്പത്തിക വർഷത്തിൽ (FY22) 17,000 കോടി രൂപയിലധികം വരുമാനം നേടാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ (Bharat Sanchar Nigam Limited) പ്രതീക്ഷിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വളരെ കുറവാണിത്

Mar 23, 2022 - 03:56
 0

ഈ സാമ്പത്തിക വർഷത്തിൽ (FY22) 17,000 കോടി രൂപയിലധികം വരുമാനം നേടാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ (Bharat Sanchar Nigam Limited) പ്രതീക്ഷിക്കുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് വളരെ കുറവാണിത്. അധിക വരുമാനം നൽകിയിരുന്ന കോൾ കണക്ഷൻ ചാർജുകൾ ഒഴിവാക്കിയതാണ് ഇതിന് പ്രധാന കാരണമെന്ന് ബിഎസ്എൻഎലിന്റെ (BSNL) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.കെ. പുർവാർ (P.K. Purwar) പറഞ്ഞു. അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കോർപ്പറേഷന് അതിന്റെ ഉപഭോക്തൃ അടിത്തറ (Customer Base) നിലനിർത്താൻ കഴിയുമെന്ന കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്ന് പുർവാർ പറഞ്ഞു. മാത്രമല്ല 5G സേവനങ്ങൾക്കായി തയ്യാറെടുക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരം ശക്തമാകുമ്പോഴും വരും മാസങ്ങളിൽ സമാരംഭിക്കാൻ പോകുന്ന മികച്ച 4ജി സേവനങ്ങളിലൂടെ അതിന്റെ സ്ഥാനം നിലനിർത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും പുർവാർ പറയുന്നു.

പുതുതലമുറ സേവനങ്ങൾക്കായുള്ള ഉപകരണ ശൃംഖല വികസിച്ചു കൊണ്ടിരിക്കുന്നതിനാൽ സ്വകാര്യ ഓപ്പറേറ്റർമാർ 5G സേവനങ്ങൾ ആരംഭിക്കുന്നത് ബിഎസ്എൻഎലിനെ പെട്ടെന്ന് പ്രതികൂലമായി ബാധിക്കില്ല, ബിഎസ്എൻഎലിന്റെ 4G സേവനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 4G സേവനങ്ങൾ 2022ൽ തന്നെ ലഭ്യമാക്കി തുടങ്ങാനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ലക്ഷ്യമിടുന്നത്.

“വെല്ലുവിളികൾക്കിടയിലും 2022 സാമ്പത്തിക വർഷത്തിൽ ഞങ്ങൾക്ക് സേവനങ്ങളിലൂടെയുള്ള വരുമാനത്തിൽ സ്ഥിരത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. 2021 സാമ്പത്തിക വർഷത്തിൽ സേവനങ്ങളിൽ നിന്നുള്ള വരുമാനം 17,452 കോടി രൂപയായിരുന്നു. അതേ സ്ഥാനത്ത് ഈ വർഷം ഞങ്ങൾക്ക് 17,000 കോടി രൂപയുടെ വരുമാനം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷ", പുർവാർ പറഞ്ഞു.

ഇന്റർകണക്ട് യൂസേജ് ചാർജുകൾ എടുത്തു കളഞ്ഞതാണ് വരുമാനത്തിൽ ഈ കുറവ് ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൾ കണക്ഷൻ ചാർജുകളിൽ നിന്ന് ടെലികോം കോർപ്പറേഷന് ഏകദേശം 600-800 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമായിരുന്നു. എന്നാൽ അത് നിർത്തലാക്കിയതോടെ ആ വരുമാനം നിലച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ 15,500 കോടി രൂപയായിരുന്ന ബിഎസ്എൻഎല്ലിന്റെ നഷ്ടം 2020-21 സാമ്പത്തിക വർഷമായപ്പോൾ 7,441 കോടി രൂപയായി കുറഞ്ഞു. "ഈ സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎല്ലിന്റെ നഷ്ടം കഴിഞ്ഞ വർഷത്തെ അതേ നിലയിൽ തന്നെയായിരിക്കും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്", ബിഎസ്എൻഎലിന്റെ തലവൻ പറഞ്ഞു.

വിആർഎസിലൂടെ ശമ്പളച്ചെലവ് കുറയ്ക്കുകയും പ്രവർത്തന ചെലവിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തുകയും ചെയ്‌തതിനാൽ ​ഗണ്യമായ തുക മിച്ചം പിടിക്കാൻ ബിഎസ്എൻഎലിന് കഴിഞ്ഞിരുന്നു, എന്നാൽ, കോൾ കണക്ഷൻ നിരക്കുകൾ ഒഴിവാക്കിയത് മൊത്തത്തിലുള്ള വരുമാനത്തെ ബാധിച്ചു. കാരണം ബിഎസ്എൻഎൽ പതിവായി ഇന്റർകണക്‌ട് ഉപയോഗ നിരക്കുകൾ (IUC) വഴിയാണ് നേട്ടം ഉണ്ടാക്കിയിരുന്നത്.

വരുന്ന സാമ്പത്തിക വർഷത്തിൽ 4G സേവനങ്ങൾ അവതരിപ്പിക്കുന്നതിലും എഫ്ടിടിഎച്ച് (Fibre to the Home) വിപുലീകരിക്കുന്നതിലും ആയിരിക്കും കോർപ്പറേഷന്റെ ശ്രദ്ധ.”ബിഎസ്എൻഎൽ നൽകുന്ന ഗുണമേന്മയുള്ള 4G സേവനങ്ങൾ ഉപഭോക്താക്കൾ ഞങ്ങളോടൊപ്പം തുടരാൻ കാരണമാകും. 5G ഹാൻഡ്‌സെറ്റ് ശൃംഖല പൂർണ്ണമായി വികാസം പ്രാപിക്കാൻ അതിന്റേതായ സമയമെടുക്കുമെന്നാണ് കരുതുന്നത്”, പുർവാർ പറഞ്ഞു.

5G ലേലത്തിനും തുടർന്നുള്ള അടുത്ത തലമുറ സേവനങ്ങളുടെ അവതരണത്തിനുമായി എതിരാളികൾ തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ബിഎസ്എൻഎൽ എങ്ങനെ മത്സരിക്കുമെന്ന ചോദ്യത്തിന്, ടെലികോം രംഗത്തെ പൊതുമേഖലാ സ്ഥാപനമായ (PSU) ബിഎസ്എൻഎൽ അതിന്റെ വാണിജ്യ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് പുർവാർ പ്രതികരിച്ചു.

2022-23 ൽ 5G മൊബൈൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സ്വകാര്യ ടെലികോം ദാതാക്കൾ 2022 ൽ സ്പെക്ട്രം ലേലം നടത്തും. അൾട്രാ ഹൈസ്പീഡിൽ പുതിയ കാലത്തെ സേവനങ്ങളും ബിസിനസ്സ് മോഡലുകളും സൃഷ്ടിക്കുന്ന 5ജി സേവനങ്ങൾ അവതരിപ്പിക്കാനായി വിപണി ഒരുങ്ങുകയാണ്. “3G സേവനങ്ങൾ ഞങ്ങൾ ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്, അതുകൊണ്ടു തന്നെ വിപണിയിൽ നിലനിൽക്കാൻ ഞങ്ങൾക്ക് കഴിയും", പുർവാർ പറഞ്ഞു.

അടുത്ത സാമ്പത്തിക വർഷം (FY23) കൈവരിക്കേണ്ട ലക്ഷ്യങ്ങൾക്കായുള്ള പദ്ധതികൾ വളരെ വ്യക്തമാണ്. കൂടാതെ ആശയങ്ങൾ നടപ്പാക്കുന്നതിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്. കാതലായ മേഖലകളിലെ വാണിജ്യപരമായ വിന്യാസത്തിന് ആവശ്യമായ എല്ലാ നിർണായക പരിശോധനകളും വിജയകരമായി പൂർത്തിയാക്കി. "റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിന്റെ (RAN) ഭാ​ഗത്തും ഗണ്യമായ പുരോഗതിയുണ്ട്" അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞാൽ, ബിഎസ്എൻഎൽ യോ​ഗ്യരായ ബിഡ്ഡർമാരുമായി (ടിസിഎസ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ്, തേജസ് നെറ്റ്‌വർക്കുകൾ) വാണിജ്യ സംബന്ധമായ ചർച്ചകളിൽ ഏർപ്പെടും, അങ്ങനെ നിർവ്വഹണ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും", പുർവാർ വിശദീകരിച്ചു.

കേന്ദ്ര ബജറ്റ് രേഖകൾ പ്രകാരം അടുത്ത സാമ്പത്തിക വർഷത്തിൽ സർക്കാർ 44,720 കോടി രൂപ ബിഎസ്എൻഎലിൽ നിക്ഷേപിക്കും. ടെലികോം പൊതുമേഖലാ സ്ഥാപനത്തിലെ 4G സ്‌പെക്‌ട്രം, സാങ്കേതിക വിദ്യകളുടെ നവീകരണം, പുനർരൂപീകരണം എന്നിവയ്‌ക്കായുള്ള മൂലധന ചെലവിനായാണ് ഇത് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കോർപ്പറേഷനുകളെ ശക്തിപ്പെടുത്തുന്നതിനായി, ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയുടെ പുനരുജ്ജീവന പദ്ധതിക്ക് സർക്കാർ 2019ൽ അംഗീകാരം നൽകിയിരുന്നു.

വോളണ്ടറി റിട്ടയർമെന്റ് സ്കീം (വിആർഎസ്) വഴി ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾ, ബജറ്റ് വിഹിതം വഴിയുള്ള ധനസഹായത്തോടെ 4G സേവനങ്ങൾ നൽകുന്നതിനുള്ള സ്പെക്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അലോട്ട്മെന്റ്, കടം കുറയ്ക്കുന്നതിനും മൂലധന ചെലവ് കണ്ടെത്തുന്നതിനുമായി പ്രധാന ആസ്തികളും അപ്രധാന ആസ്തികളും ഉപോ​ഗിച്ചുള്ള ധനസമാഹരണം, സോവറിൻ ഗ്യാരന്റി ബോണ്ടുകൾ ഉയർത്തിക്കൊണ്ട് കടം പുനഃക്രമീകരിക്കൽ എന്നിവയാണ് പുനരുജ്ജീവന പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ നടപടികളുടെ ഫലമായി 2020-21ൽ ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റെയും പ്രവർത്തന ലാഭം മെച്ചപ്പെട്ടിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow