ടിക്കറ്റിന് സൗജന്യ ഓഫറുമായി റെയിൽവെ ആപ്പ്

ക്യൂ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സൗകര്യാർഥവും റെയിൽവേ അവതരിപ്പിച്ച പുതിയ യുടിഎസ് മൊബൈൽ ആപ്പിനോട് ഒരു മാസം കഴിഞ്ഞിട്ടും യാത്രക്കാരുടെ പ്രതികരണം കുറവായതിനാൽ റെയിൽവെ ഓഫർ പ്രഖ്യാപിച്ചു. ജനറൽ ടിക്കറ്റുകൾക്കു പുറമെ സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകളും ആപ്പു വഴി എടുക്കാമെന്ന സൗകര്യം വന്നിട്ടും

May 21, 2018 - 06:11
 0
ടിക്കറ്റിന് സൗജന്യ ഓഫറുമായി റെയിൽവെ ആപ്പ്

പത്തനംതിട്ട∙ ക്യൂ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സൗകര്യാർഥവും റെയിൽവേ അവതരിപ്പിച്ച പുതിയ യുടിഎസ് മൊബൈൽ ആപ്പിനോട് ഒരു മാസം കഴിഞ്ഞിട്ടും യാത്രക്കാരുടെ പ്രതികരണം കുറവായതിനാൽ റെയിൽവെ ഓഫർ പ്രഖ്യാപിച്ചു. ജനറൽ ടിക്കറ്റുകൾക്കു പുറമെ സീസൺ, പ്ലാറ്റ്ഫോം ടിക്കറ്റുകളും ആപ്പു വഴി എടുക്കാമെന്ന സൗകര്യം വന്നിട്ടും യാത്രക്കാരിൽ അത്ര അനൂകൂലമല്ല കാര്യങ്ങളെന്നു വന്നതോടെയാണ് കൂടുതൽ ഓഫറുകൾ റെയിൽവെ മുന്നോട്ടുവച്ചത്. ടിക്കറ്റ് എടുക്കുമ്പോൾ ഓരോ നൂറു രൂപയ്ക്കും അഞ്ചു രൂപ സൗജന്യം നൽകുന്നതാണ് ഓഫർ. അയ്യായിരം രൂപ വരെ റീചാർജ് ചെയ്യാനും പുതിയ സൗകര്യമൊരുക്കി.

ദിവസവും 3500 സീസൺ ടിക്കറ്റ് ചെലവാകുന്ന തിരുവനന്തപുരം ഡിവിഷനിൽ ആപ്പിലൂടെ ചെലവാകുന്നത് 30 എണ്ണം മാത്രമാണ്. ഒരു ലക്ഷം ജനറൽ ടിക്കറ്റ് ദിവസവും വിൽക്കുന്ന തിരുവനന്തപുരം ഡിവിഷനിൽ ആപ്പു വഴി വിൽക്കുന്നത് ദിവസം 300 ടിക്കറ്റാണ്. മൊത്തം യാത്രക്കാരിൽ രണ്ടു ശതമാനം പേർ മാത്രമേ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളുവെന്നാണ് റെയിൽവെ തിരുവനന്തപുരം ഡിവിഷനിലെ കണക്ക്.

ദിവസവും രണ്ടായിരം പേർ സീസൺ ടിക്കറ്റെടുക്കുന്ന പാലക്കാട് ഡിവിഷനിൽ ദിവസം 20 പേർ മാത്രമാണ് ആപ്പ് ഉപയോഗിക്കുന്നത്. 75000 പേരാണ് പാലക്കാട് ഡിവിഷനിൽ ദിവസവും ജനറൽ ടിക്കറ്റ് എടുക്കുന്നത്. ആപ്പുവഴി വിൽക്കുന്നത് 200 എണ്ണം മാത്രം. യാത്രക്കാരിൽ ഒരു ശതമാനം മാത്രമേ ആപ് ഇതുവരെ ഡൗൺ ലോഡ് ചെയ്തിട്ടുള്ളു. ആദ്യഘട്ടത്തിൽ യാത്രക്കാരിൽ 35% പേരെരങ്കിലും മൊബൈൽ ആപ്പുവഴി ടിക്കറ്റെടുത്താൽ മാത്രമേ ഇതുകൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടൂവെന്നാണ് റെയിൽവെയുടെ മനസ്സിലിരിപ്പ്.

റെയിൽവേ സ്റ്റേഷന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ആപ്പിന്റെ സേവനം ലഭ്യമാകും. അഞ്ചു കിലോമീറ്ററിനു പുറത്ത് എവിടെ നിന്നു ടിക്കറ്റെടുത്താലും അതിന്റെ പ്രിന്റ് കരുതണം. അഞ്ചു കിലോമീറ്റർ ചുറ്റളവിനുള്ളിലാണെങ്കിൽ മൊബൈലിൽ തന്നെ ടിക്കറ്റിന്റെ വിവരങ്ങൾ ലഭ്യമാകും അത് ടിടിഇയെ കാണിച്ചാൽ മതി. ആപ്പിലൂടെ ജനറൽ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. നിലവിൽ ഐആർസിടിസി ആപ്പിലേതുപോലെ പ്രത്യേക ട്രെയിൻ തിരഞ്ഞെടുത്തല്ല ഇതിൽ ബുക്ക് ചെയ്യുന്നത്. പകരം എത്തേണ്ട സ്ഥലത്തേക്കുള്ള ജനറൽ ടിക്കറ്റാണ് ഇഷ്യു ചെയ്യുന്നത്. ടിക്കറ്റ് എടുത്തു മൂന്നു മണിക്കൂറിനുള്ളിൽ യാത്ര തുടങ്ങണമെന്നു മാത്രം.

സ്ലീപ്പർ ടിക്കറ്റ് നേരിട്ട് ആപ്പ് വഴി എടുക്കാൻ കഴിയില്ല. എന്നാൽ ട്രെയിനുള്ളിൽ കയറി ടിക്കറ്റ് ടിടിഇയെ കാണിച്ച് എക്സ്ട്രാ ഫെയർ ടിക്കറ്റ് (ഇഎഫ്ടി) വഴി സ്ലീപ്പർ ടിക്കറ്റ് മാറിയെടുക്കാം. ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് എന്നിവയിൽ യുടിഎസ് ഓൺ മൊബൈൽ എന്നു സെർച്ച് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ അധികചാർജ് ഈടാക്കുന്ന രീതിയുണ്ടെങ്കിലും ആപ്പിലുള്ള റെയിൽവേ വോലറ്റിൽനിന്ന് പണമുപയോഗിച്ചാൽ അധിക ചാർജില്ല. പോക്കറ്റിൽ അൽപം പണം കരുതുന്നതുപോലെ നെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചു വോലറ്റ് നിറയ്ക്കാം. ടിക്കറ്റ് എടുക്കാൻ ഈ പണമുപയോഗിക്കുമ്പോൾ അധിക ചാർജ് നൽകുന്നത് ഒഴിവാക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow