സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി

May 9, 2024 - 15:21
 0
സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍ ഹരിയാനയില്‍ കടുത്ത പ്രതിസന്ധിയിലായി ബിജെപി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒപ്പം നിന്ന് പിന്നീട് ബിജെപി സഖ്യം ഉപേക്ഷിച്ചപ്പോള്‍ പുറത്തുപോയ ദുഷ്യന്ത് ചൗടാലയുടെ ജെജെപി ശക്തമായി ബിജെപിയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരിനെ വീഴ്ത്താന്‍ സജ്ജമാണെങ്കില്‍ പിന്തുണയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ജെജെപി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ മൂന്ന് സ്വതന്ത്രര്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ നിയമസഭയില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുകയാണ് ദുഷ്യന്ത് ചൗടാല.

ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല വ്യാഴാഴ്ച ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയക്ക് കത്തെഴുതുക കൂടെ ചെയ്തു. നിലവിലെ ഹരിയാന സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷം ശക്തമായ തിരിച്ചടി ബിജെപിയ്ക്ക് നല്‍കാനുള്ള ശ്രമത്തിലാണ് മുന്‍ സഖ്യകക്ഷി.

കോണ്‍ഗ്രസാകട്ടെ ബിജെപിയുടെ നായബ് സിങ് സെയ്‌നി സര്‍ക്കാരിനെ വീഴ്ത്തി പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള താല്‍പര്യമില്ല ഹരിയാനയില്‍. കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ആസന്നമാണ് ഹരിയാനയില്‍. അതിനാല്‍ ഇപ്പോഴുള്ള അവസ്ഥ മുതലെടുത്ത് നേരെ തിരഞ്ഞെടുപ്പിലേക്ക് പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ദാദ്രി എംഎല്‍എ സോംബിര്‍ സാങ്വാന്‍, പുണ്ഡ്രി എംഎല്‍എ രണ്‍ധീര്‍ സിംഗ് ഗൊല്ലെന്‍, നിലോഖേരി എംഎല്‍എ ധരംപാല്‍ ഗോന്ദര്‍ എന്നിവരാണ് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചത്. ഇതോടെ തല്‍ക്കാലത്തേയ്ക്ക് ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിനെ പിരിച്ചുവിട്ടു ഹരിയാനയില്‍ രാഷ്ട്രപതി ഭരണവും പിന്നാലെ പുതിയ തിരഞ്ഞെടുപ്പും നടത്താന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 88 അംഗ സഭയില്‍ 45 എന്നതാണ് കേവലഭൂരിപക്ഷത്തിനുള്ള നമ്പര്‍. നിലവില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്. ഈ സാഹചര്യത്തിലാണ് വിശ്വാസ വോട്ട് തേടണമെന്ന ആവശ്യം ശക്തമാകുന്നത്.

ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാല പറയുന്നത് പന്ത് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ അവിശ്വാസ പ്രമേയത്തിന് ശ്രമിച്ചാല്‍ പ്രതിപക്ഷ നേതാവിനെ ജെജെപി പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow