റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കര്‍ഷകര്‍ക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് തെരഞ്ഞെടുപ്പ് റാലിയില്‍ തെലങ്കാന മുഖ്യമന്ത്രി പ്രസംഗിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
റാബി വിളവെടുപ്പുമായി ബന്ധപ്പെട്ട് റായ്തു ഭറോസ പദ്ധതിക്കു കീഴില്‍ കര്‍ഷകര്‍ക്കു നല്‍കുന്ന ധനസഹായം മേയ് ഒന്പതിനു മുന്‍പ് വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിയില്‍ രേവന്ത് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നാലാംഘട്ടമായ മേയ് 13നാണ് തെലങ്കാനയിലെ 17 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ്.
നിലവിലുള്ള പദ്ധതി തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയവത്കരിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച കമീഷന്‍, ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമമാണെന്നും വിലയിരുത്തി. പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ ചേര്‍ക്കരുതെന്നും പരസ്യപ്രചാരണമില്ലാതെയായിരിക്കണം ധനസഹായ വിതരണമെന്നും കഴിഞ്ഞവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പിനിടെ നിര്‍ദേശിച്ചിരുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ബി.ആര്‍.എസ് സര്‍ക്കാര്‍ ‘റയത്തു ബന്ധു’ എന്ന പേരില്‍ നടപ്പാക്കിയ പദ്ധതി കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ‘റെയ്ത്തു ബറോസ’ എന്നാക്കുകയായിരുന്നു. തങ്ങളാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രസംഗിച്ച ബി.ആര്‍.എസ് നേതാവായ മുന്‍ മന്ത്രിയും പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പണം തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 13നു ശേഷമേ നല്‍കാവൂവെന്ന് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
What's Your Reaction?