'ആടുജീവിതം' : ഓപ്പണിംഗ് കളക്ഷന്‍ 10 കോടിക്ക് മുകളില്‍

Mar 30, 2024 - 20:44
 0
'ആടുജീവിതം' :  ഓപ്പണിംഗ് കളക്ഷന്‍ 10 കോടിക്ക് മുകളില്‍

16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമാണ് ‘ആടുജീവിതം’ എന്ന സിനിമ. ആദ്യ ഷോയ്ക്ക് തന്നെ പൊസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

ലോകത്തോര നിലവാരമുള്ള സിനിമ എന്ന പ്രശംസകളും ആടുജീവിതം പ്രശംസ നേടുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഓപ്പണിംഗ് ദിന കളക്ഷന്‍ ആണ് പുറത്തുവന്നിരിക്കുന്നത്. സാക്‌നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും ചിത്രം ആദ്യ ദിനം 7.75 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോളതലത്തില്‍ 15 കോടി നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളത്തില്‍ 57.79 ശതമാനമായിരുന്നു തിയേറ്റര്‍ ഒക്യുപെന്‍സി. കന്നഡയില്‍ 4.14 ശതമാനവും, തമിഴില്‍ 17.84 ശതമാനവും, തെലുങ്കില്‍ 14.46 ശതമാനവും, ഹിന്ദിയില്‍ 4.14 ശതമാനവുമാണ് ചിത്രത്തിന് ലഭിച്ച തിയേറ്റര്‍ ഒക്യുപെന്‍സി.

ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. പൃഥ്വിരാജിന്റെ അഭിനയത്തെയും ബ്ലെസിയുടെ മേക്കിംഗിനെയും പുകഴ്ത്തി കൊണ്ടുള്ള അഭിപ്രായങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പങ്കുവച്ചത്. അതേസമയം, ബ്ലെസിയുടെ കരിയറിലെ 16 വര്‍ഷമായിരുന്നു ആടുജീവിതത്തിന് മാത്രമായി മാറ്റിവച്ചത്.

അത് വെറുതെയായില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. 31 കിലോ ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ട്രാന്‌സ്‌ഫൊര്‍മേഷന്‍ സിനിമയുടെ റിലീസിന് മുമ്പേ ചര്‍ച്ചയായിരുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow