പോളണ്ടില്‍ ഗർഭഛിദ്രം നിയമവിധേയമാക്കുവാനുള്ള നീക്കത്തിനെതിരെ 50,000 പേരുടെ റാലി
ഗർഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ പോളണ്ടില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് അന്‍പത്തിനായിരത്തിലധികം പേരുടെ പ്രോലൈഫ് റാലി. ഏപ്രിൽ 14 ഞായറാഴ്ച, പോളണ്ടിലെ വാർസോയിലെ തെരുവുകളെ ഇളക്കി മറിച്ചാണ് പതിനായിരങ്ങള്‍ അണിനിരന്നത്. ബെനഡിക്റ്റ എന്ന കത്തോലിക്ക സന്നദ്ധ സംഘടനയും (സെൻ്റ് ബെനഡിക്റ്റ് ഫൗണ്ടേഷൻ) പോളിഷ് ബിഷപ്പ്സ് കോൺഫറൻസിന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിലായിരിന്നു റാലി.
മാർച്ചിന്റെ വക്താവ് ലിഡിയ സാങ്കോവ്‌സ്ക - ഗ്രാബ്‌സുക്കാണ് റാലിയില്‍ അരലക്ഷം പേര്‍ അണിനിരന്നതായി വെളിപ്പെടുത്തിയത്. റാലിയ്ക്കിടെ പോളണ്ടിലെ ബിഷപ്പുമാർ എല്ലാ ഞായറാഴ്ചകളിലെയും വിശുദ്ധ കുർബാനകളില്‍ ഗർഭസ്ഥ ശിശുക്കൾക്കായി പ്രാർത്ഥിക്കാൻ എല്ലാ ഇടവകകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. "കൊല്ലണോ കൊല്ലാതിരിക്കണോ, അതാണ് തിരഞ്ഞെടുപ്പ്," "ഞാൻ ജീവന്‍ തിരഞ്ഞെടുക്കുന്നു", "ഒരുമിച്ചുള്ള ജീവിതത്തിന്", "അമ്മയെയും കുഞ്ഞിനെയും ഇരുവരെയും സ്നേഹിക്കുക" തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാര്‍ഡുകളുമായായിരിന്നു റാലി.
പാർലമെന്റിൽ ഭ്രൂണഹത്യ നിയമവിധേയമാക്കുവാനുള്ള ഏതു നീക്കം നടത്തിയാലും, കുഞ്ഞുങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തിന് ഏറെ മുന്‍തൂക്കം നല്‍കുന്ന കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് പോളണ്ട്.
What's Your Reaction?