വിമതപാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശിവസേന; ഷിന്‍ഡെ ക്യാംപിലെ 20 എംഎല്‍എമാരുമായി ഉദ്ധവ് സംസാരിച്ചെന്ന് സൂചന

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വിമത എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ നീക്കമാരംഭിച്ച് ശിവസേന. ഏക്നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരില്‍ 20 പേരുമായി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തിയെന്ന് സൂചന.

വിമതപാളയത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശിവസേന; ഷിന്‍ഡെ ക്യാംപിലെ 20 എംഎല്‍എമാരുമായി ഉദ്ധവ് സംസാരിച്ചെന്ന് സൂചന

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വിമത എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ നീക്കമാരംഭിച്ച് ശിവസേന.  ഏക്നാഥ് ഷിന്‍ഡെക്കൊപ്പമുള്ള എംഎല്‍എമാരില്‍ 20 പേരുമായി ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തിയെന്ന് സൂചന. വിമത പക്ഷത്തെ ചിലര്‍ തിരികെ ശിവസേനയിലെത്താന്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് ശിവസേന എംപി  അരവിന്ദ് സാവന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അതേസമയം, പാര്‍ട്ടിയെ ചതിച്ചുപോയവരെ തിരിച്ചെടുക്കില്ലെന്നും എന്നാല്‍ ശിവസേനയുടെ വാതില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ ഒരു മന്ത്രി കൂടി ഇന്ന് വിമതപക്ഷത്തെത്തി. ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ് ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പമെത്തിയത്.

 

അതിനിടെ 15 വിമത എംഎൽമാർക്ക് വൈപ്ലസ് കാറ്റഗറി സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവായി. നാട്ടിൽ എംഎൽഎമാരുടെ വീടിനും കുടുംബത്തിനും കേന്ദ്ര സേനകളുടെ സുരക്ഷയുണ്ടാകുമെന്നു ഏകനാഥ്‌ ഷിൻഡെ ഇന്ന് ചേർന്ന യോഗത്തിൽ വിമത എംഎൽഎമാർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഷിൻഡെയെ നിയമസഭാ കക്ഷി നേതൃ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ കോടതിയെ സമീപിക്കാനും യോഗത്തിൽ തീരുമാനമായി.

വിമതപക്ഷത്തുള്ള ഭന്ധാര എംഎല്‍എ ആയ നരേന്ദ്ര ഭോന്ദേകറുടെ ജന്മദിനം വിമതര്‍ തങ്ങുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ വെച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങളും ഷിന്‍ഡെ പക്ഷം പുറത്തുവിട്ടിട്ടുണ്ട്.

എംഎൽഎ സ്ഥാനം രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ വിമത എംഎൽഎമാരെ ഉദ്ധവ് താക്കറെ വെല്ലുവിളിച്ചു. ഏക്നാഥ് ഷിൻഡെ, ഗുലാബ്റാവു പാട്ടീൽ, ദാദ ഭൂസ്, ശംഭുരാജ് ദേശായ്, അബ്‌ദുൾ സത്താർ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമാകാനാണ് സാധ്യത. ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനും ശിവസേന തീരുമാനിച്ചിരുന്നു.

ചിഹ്നത്തിനു വേണ്ടിയുള്ള അകാവശവാദത്തെ ശക്തമായി പ്രതിരോധിക്കാൻ സാധിച്ചതും ഭരണപക്ഷത്തിന് നേട്ടമായി. വിമതർ പൂവും കായും സ്വന്തമാക്കിയാലും ശിവസേനയെന്ന മരത്തിന്റെ വേരറുക്കാൻ ആകില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി  ഉദ്ധവ് താക്കറെ തിരിച്ചടിച്ചു. ഗുവാഹത്തിയിലെ ക്യാംപിൽ വിമതർക്ക് എത്രനാൾ ഒളിച്ചിരിക്കാൻ സാധിക്കുമെന്നും  സഞ്ജയ് റാവുത്ത് എംപി രാവിലെ ചോദ്യം ഉന്നയിച്ചിരുന്നു.