രാജ്യവ്യാപകമായി ഉപതിരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി

രാജ്യവ്യാപകമായി ഉപതിരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടർ ഐഡി വിവാദത്തെ തുടർന്ന് വോട്ടെടുപ്പു നീട്ടിവച്ച കർണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ നൂർപുരിൽ തുടക്കം മുതലേ പിന്നിൽ നിൽക്കുന്ന ബിജെപി, കർണാടകയിലെ രാജരാജേശ്വരി നഗറിൽ 40,000ൽ പരം

May 31, 2018 - 22:30
 0
രാജ്യവ്യാപകമായി ഉപതിരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി

കോട്ടയം∙ രാജ്യവ്യാപകമായി ഉപതിരഞ്ഞെടുപ്പു നടന്ന 10 സംസ്ഥാനങ്ങളിലും വോട്ടർ ഐഡി വിവാദത്തെ തുടർന്ന് വോട്ടെടുപ്പു നീട്ടിവച്ച കർണാടകയിലെ രാജരാജേശ്വരി നഗറിലും ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ഉത്തർപ്രദേശിലെ നൂർപുരിൽ തുടക്കം മുതലേ പിന്നിൽ നിൽക്കുന്ന ബിജെപി, കർണാടകയിലെ രാജരാജേശ്വരി നഗറിൽ 40,000ൽ പരം വോട്ടുകൾക്കു പിന്നിലാണ്. ഫലം വന്ന മേഘാലയയിലെ അംപതിയിൽ കോൺഗ്രസ് സ്ഥാനാർഥി മിയാനി ഡി ഷീര വിജയിച്ചു.

വിവിധ മണ്ഡലങ്ങളിലെ ലീഡുനില

∙ രാജരാജേശ്വരി നഗർ (കർണാടക) – കോൺഗ്രസ് സ്ഥാനാർഥി മുനിരത്‌ന 46593 വോട്ടുകൾക്കു മുന്നിൽ. ബിജെപിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്തും ഡെജിഎസ് സ്ഥാനാർഥി ജി.എച്ച്. രാമചന്ദ്ര മൂന്നാം സ്ഥാനത്തുമാണ്. വോട്ടർ ഐഡി വിവാദമുൾപ്പെടെയുള്ള കാരണങ്ങളാൽ തിരഞ്ഞെടുപ്പു നീട്ടിവച്ചതു മൂലമാണ് കർണാടകയിലെ ഈ മണ്ഡലത്തിലെ വോട്ടെടുപ്പു വൈകിയത്.

∙ ഷാകോട്ട് (പഞ്ചാബ്) – കോൺഗ്രസ് സ്ഥാനാർഥി ഹർദേവ് സിങ് ലാഡ്ഡി ഷെരോവാലിയയുടെ ലീഡ് 27,000 കവിഞ്ഞു. ഇവിടെ 76.6% പോളിങ്ങാണ് നടന്നത്. അകാലിദൾ എംഎൽഎ അജിത് സിങ് കോഹാറിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കുന്നത്. ശിരോമണി അകാലിദൾ, കോൺഗ്രസ്, ആംആദ്മി പാർട്ടി എന്നീ പാർട്ടികൾ ത്രികോണ മൽസരം കാഴ്ച വച്ച മണ്ഡലമാണിത്.

∙ പാലുസ് കഡേഗാവ് (മഹാരാഷ്ട്ര) – കോൺഗ്രസ് സ്ഥാനാർഥി വിശ്വജീത് പതങ്റാവു കദം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് എംഎൽഎ ആയിരുന്ന പതങ്റാവു കദമിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. പതങ്റാവുവിന്റെ മകനാണ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച വിശ്വജീത്.

∙ അംപതി (മേഘാലയ) – കോൺഗ്രസ് സ്ഥാനാർഥി മിയാനി ഡി ഷീര വിജയിച്ചു. എൻപിപിയുടെ ക്ലെമന്റ് ജി. മോമിൻ രണ്ടാം സ്ഥാനത്ത്. മേഘാലയയിലെ പ്രതിപക്ഷ നേതാവ് മുകുൾ സാങ്മയുടെ മകളാണ് കോൺഗ്രസ് സ്ഥാനാർഥി മിയാനി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ രണ്ടിടത്തു മൽസരിച്ച സാങ്മ സോങ്സാക് മണ്ഡലം നിലനിർത്താൻ തീരുമാനിച്ചതോടെയാണ് അംപതിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. കനത്ത പോളിങ്ങാണ് ( 90.42) ഇവിടെ രേഖപ്പെടുത്തിയത്.

∙ തരാളി (ഉത്തരാഖണ്ഡ്) – പട്ടികജാതി സംവരണ മണ്ഡലമായ തരാളിയിൽ ബിജെപി സ്ഥാനാർഥി മുന്നി ദേവി ഷാ 300 വോട്ടുകൾക്കു മുന്നിൽ. കോൺഗ്രസ് സ്ഥാനാർഥി ജീത് റാം രണ്ടാമതാണ്. ഇവിടെ 53 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. ബിജെപി എംഎൽഎ മഗൻലാൽ ഷായുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

∙ ഗോമിയ (ജാർഖണ്ഡ്) – ജാർഖണ്ഡ് മുക്തിമോർച്ചയുടെ ബബിതാ ദേവി വീണ്ടും ലീഡിലേക്ക്. ഒരു ഘട്ടത്തിൽ മുന്നിൽ കയറിയ ബിജെപിയുടെ മാധവ് ലാൽസിങ്ങിനേക്കാൾ 9,000ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷം. ആദ്യഘട്ടത്തിൽ പിന്നിൽപ്പോയ ലാൽസിങ്ങിന് നിലവിൽ ഏഴായിരത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എജെഎസ്‌യുവിന്റെ ലംബോദർ മഹ്തോ മൂന്നാം സ്ഥാനത്താണ്. ഇവിടെ എംഎൽഎ ആയിരുന്ന ജെഎംഎമ്മിന്റെ യോഗേന്ദ്ര മഹ്തോ ക്രിമിനൽകേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

∙ സില്ലി (ജാർഖണ്ഡ്) – ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ (എജെഎസ്‌യുപി) സുദേഷ് മഹ്തോയെ പിന്തള്ളി ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) സീമാ ദേവി ലീഡു പിടിച്ചു. അറുന്നൂറിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്. ജെഎംഎം എംഎൽഎ ആയിരുന്ന അമിത് കുമാർ മഹതോ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

∙ നൂർപുർ (ഉത്തർപ്രദേശ്) – സമാജ്‌വാദി പാർട്ടി സ്ഥാനാർഥി നയീമുൽ ഹസൻ 10,208 വോട്ടുകൾക്കു മുന്നിൽ. ബിജെപി എംഎൽഎ ആയിരുന്ന ലോകേന്ദ്ര സിങ് ചൗഹാൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ റോഡപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ലോകേന്ദ്ര സിങ്ങിന്റെ ഭാര്യ ആവണി സിങ്ങാണ് ഇവിടെ ബിജെപി സ്ഥാനാർഥി.

∙ ജോകിഹാത്ത് (ബിഹാർ) –ആർജെഡി സ്ഥാനാർഥി ഷാനവാസ് ആലം 16,299 വോട്ടുകൾക്കു മുന്നിൽ. ജെഡിയുവിന്റെ മുർഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസിന്റെ കുതിപ്പ്. നിതീഷ് കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആർജെഡിയും തമ്മിലുള്ള ശക്തിപരീക്ഷണമായി കണക്കാക്കുന്ന തിരഞ്ഞെടുപ്പാണിത്. 2015ൽ ജെഡിയു ടിക്കറ്റിൽ ഇവിടെ വിജയിച്ച സർഫറാസ് ആലം, ജെഡിയുവിലേക്ക് മാറി അരാരിയ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ചു ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സർഫറാസിന്റെ ഇളയ അനുജനാണ് ആർജെഡി സ്ഥാനാർഥി ഷാനവാസ് ആലം.

∙ മഹേഷ്ടല (ബംഗാൾ) – തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ദുലാൽ ചന്ദ്രദാസ് 33,000 വോട്ടുകൾക്കു മുന്നിൽ. ബിജെപി സ്ഥാനാർഥി സുചിത് കുമാർ ഘോഷാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. സിപിഎമ്മിന്റെ പ്രവത് ചൗധരി ഇവിടെ മൂന്നാം സ്ഥാനത്താണ്. തൃണമൂൽ എംഎൽഎ കസ്തൂരി ദാസിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow