DK Shivakumar| കനകപുരയില്‍ ഒരേഒരു നാൾ പ്രചാരണം; ഡി.കെ. ശിവകുമാറിന് ഭൂരിപക്ഷം ഒരുലക്ഷത്തിലേറെ
സംസ്ഥാനത്തുടനീളം ഓടി നടന്ന് തന്ത്രങ്ങൾ മെനയുന്നതിനിടെ സ്വന്തം മണ്ഡലമായ കനകപുരയിൽ അദ്ദേഹത്തിന് പ്രചാരണത്തിന് ഇറങ്ങാൻ കഴിഞ്ഞത് ഒരേഒരുനാൾ. പക്ഷെ സ്നേഹം വോട്ടായി വാരിക്കോരി നൽകി മണ്ഡലത്തിലെ ജനം
കർണാടകയിൽ വൻവിജയവുമായി കോൺഗ്രസ് മുന്നേറുമ്പോൾ, ഹീറോയാകുന്നത് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ തന്നെ. സംസ്ഥാനത്തുടനീളം ഓടി നടന്ന് തന്ത്രങ്ങൾ മെനയുന്നതിനിടെ സ്വന്തം മണ്ഡലമായ കനകപുരയിൽ അദ്ദേഹത്തിന് പ്രചാരണത്തിന് ഇറങ്ങാൻ കഴിഞ്ഞത് ഒരേഒരുനാൾ. പക്ഷെ സ്നേഹം വോട്ടായി വാരിക്കോരി നൽകി മണ്ഡലത്തിലെ ജനം. ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിലാണ് ശിവകുമാർ ജയിച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജനകീയ നേതാവായി കളംനിറഞ്ഞു നിന്നപ്പോള്‍ തന്റെ പണിപ്പുരയില്‍ തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു ഡി കെ ശിവകുമാര്‍. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും അടക്കം പറയുമ്പോഴും 130ന് മുകളില്‍ സീറ്റുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുമെന്ന് യാതൊരു ആത്മവിശ്വാസക്കുറവുമില്ലാതെ ശിവകുമാര്‍ ഉറക്കെ പറഞ്ഞു.
കല്ലെറിഞ്ഞവരെക്കൊണ്ടുപോലും ജയ് വിളിപ്പിക്കുന്ന ഡി കെ ശിവകുമാറിന്റെ മാജിക് തെരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്ന കോണ്‍ഗ്രസിന്റെ വിശ്വാസം പിഴച്ചില്ലെന്നാണ് ഫലം തെളിയിക്കുന്നത്. ഡി കെയില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചായിരുന്നു മുന്നോട്ടുള്ള പ്രചാരണം. മാണ്ഡ്യയില്‍ പ്രചരണത്തിനിടെ പണം വാരിയെറിയുന്ന ഡികെയുടെ വീഡിയോ പുറത്തുവന്നത് നിയമനടപടിയിലേക്ക് നീങ്ങിയിട്ടും അതിനേയും മറികടക്കുകയായിരുന്നു ഡി കെ.
തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എതിര്‍പാളയത്തിലുള്ളവരെ സ്വന്തം തട്ടകത്തില്‍ എത്തിച്ചതിന് പിന്നിലും ഡികെയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു. വോട്ടെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാറിനെ കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ചത്. ലിംഗായത്ത് സമുദായത്തിലെ പ്രബല നേതാവായ ഷെട്ടാറിനെ ഒപ്പം ചേര്‍ത്തത് കോണ്‍ഗ്രസിന് പ്രചാരണത്തില്‍ കൂടുതല്‍ കരുത്തേകി.
ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മണ്‍ സാവഡിയേയും ഇതേ തന്ത്രത്തിലാണ് കോണ്‍ഗ്രസ് ഒപ്പം ചേര്‍ത്തത്. അത്തനി മണ്ഡലത്തില്‍ തന്നെ അദ്ദേഹത്തെ മത്സരിപ്പിച്ചു. യെദ്യൂരപ്പയുടെ വിശ്വസ്തനായിരുന്ന സാവഡിയുടെ കൂറുമാറ്റം കോണ്‍ഗ്രസിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. സ്വന്തം മണ്ഡലമായ കനകപുരയില്‍ ജെഡിഎസ് നേതാക്കളെ ഡി കെ ഒപ്പം ചേര്‍ത്തതും ഇതേ തന്ത്രത്തില്‍ തന്നെയായിരുന്നു.
Also Read- മംഗളൂരുവിൽ അഞ്ചാംതവണയും യു.ടി. ഖാദർ; ഇത്തവണം ജയം 17,745 വോട്ടുകൾക്ക്
വൊക്കലിഗ മുഖ്യമന്ത്രി എന്ന കാര്‍ഡ് കൂടിയാണ് ഡികെ ഇത്തവണ ഇറക്കിയത്. ഞാന്‍ വൊക്കലിഗ സമുദായാംഗമാണ്. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് വൊക്കലിഗ സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാകാന്‍ പോകുന്നത്. സോണിയ ഗാന്ധി തന്നെ പാര്‍ട്ടി അധ്യക്ഷനാക്കി. ഇനി നിങ്ങളുടെ ഊഴമാണ്. ഈ അവസരം നഷ്ടമാക്കരുത്’ എന്നാണ് ഡികെ ശിവകുമാര്‍ വൊക്കലിഗ സമുദായത്തോട് ആവശ്യപ്പെട്ടത്.
ആദ്യ ലീഡുനില വന്നപ്പോൾ തന്നെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നത് തടയാനും ശിവകുമാര്‍ കരുക്കള്‍ നീക്കി. ജയമുറപ്പിച്ചാല്‍ എംഎല്‍എമാരോട് ബെംഗളൂരുവിലെത്താനായിരുന്നു നിര്‍ദേശം.
What's Your Reaction?