രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ; സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു
സംസ്ഥാനത്തിൻ്റെ ഇരുപത്തി മൂന്നാമത് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞക്ക് മുൻപ് നിയുക്ത ഗവർണർക്ക് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ഇന്നലെയാണ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്‌പീക്കർ എ എൻ ഷസീറും മന്ത്രിമാരും ചേർന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ സ്വീകരിച്ചു.
സർക്കാരുമായി നിരന്തരം കൊമ്പുകോർത്തിരുന്ന ആരിഫ് മുഹമ്മദ് ഖാന് ശേഷം വരുന്ന ഗവർണർ ഏതു സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. രാവിലെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി ഗോവ രാജ്‌ഭവനിൽ രാജേന്ദ്ര അർലേകർ കൂടിക്കാഴ്ച നടത്തി. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗത്വമെടുക്കുന്നത്. ഗോവയിൽ സ്‌പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. രാജേന്ദ്ര അർലേകർ സ്‌പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
What's Your Reaction?