'അനിൽ അംബാനിയുടെ കമ്പനിയിൽ കെഎഫ്സി നിക്ഷേപിച്ചത് 60 കോടി, കിട്ടിയത് 7കോടി'; പണം നൽകിയത് ഒരു ഗ്യാരന്റിയുമില്ലാതെയെന്ന് വിഡി സതീശൻ

Jan 2, 2025 - 12:34
 0
'അനിൽ അംബാനിയുടെ കമ്പനിയിൽ കെഎഫ്സി നിക്ഷേപിച്ചത് 60 കോടി, കിട്ടിയത് 7കോടി'; പണം നൽകിയത് ഒരു ഗ്യാരന്റിയുമില്ലാതെയെന്ന് വിഡി സതീശൻ

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരേ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അനിൽ അംബാനിയുടെ ആർസിഎഫ്‌.എൽ എന്ന സ്ഥാപനത്തിൽ 2018-ൽ കെഎഫ്സി 60 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് വിഡി സതീശൻ ആരോപിക്കുന്നത്. ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തായിരുന്നു കെഎഫ്സിയുടെ നിക്ഷേപം. 19-04-2018ൽ നടന്ന കെ.എഫ്.സി.യുടെ മാനേജ്‌മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരമായിരുന്നു നിക്ഷേപം. എന്നാൽ ഇക്കാര്യം 2018-19-ലെ കെഎഫ്സിയുടെ വാർഷിക റിപ്പോർട്ടിൽനിന്ന് മറച്ചുവെച്ചുവെന്നും സതീശൻ ആരോപിച്ചു. എന്നാൽ, 2019-20ലെ വാർഷിക റിപ്പോർട്ടിലും ഇതുതന്നെ ആവർത്തിച്ചു. പിന്നീട് 2020-21ലെ റിപ്പോർട്ടിലാണ് കമ്പനിയുടെ പേര് പുറത്തുവരുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്‌ട് അനുസരിച്ച് കെഎഫ്സിരൂപീകരിച്ചത്. സംസ്ഥാനത്തെ എംഎസ്എംഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്‌പ നൽകാൻ രൂപീകരിച്ച ഈ സ്ഥാപനമാണ് അനിൽ അംബാനിയുടെ ആർസിഎഫ്എൽ എന്ന സ്ഥാപനത്തിൽ 60 കോടി 80 ലക്ഷം നിക്ഷേപിച്ചതെന്നാണ് വി ഡി സതീശന്റെ ആരോപണം.

സ്റ്റേറ്റ് ഫിനാഷ്യൽ കോർപ്പറേഷൻ ആക്‌ട് 1951-ൻ്റെ 33-ാം വകുപ്പ് അനുസരിച്ച് റിസർവ് ബാങ്കിലോ ദേശസാത്കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാൻ പാടുള്ളൂവെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ‘2019-ൽ അനിൽ അംബാനിയുടെ ഈ കമ്പനി പൂട്ടി. തുടർന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. പലിശയടക്കം 101 കോടി ലഭിക്കേണ്ടിടത്താണ് ഇത്രയും ചെറിയ തുക മാത്ര ലഭിച്ചത്. സംസ്ഥാന ചെറുകിട ഇടത്തര സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട ഫണ്ടായിരുന്നു ഇത്.

പണം നിക്ഷേപിക്കുമ്പോൾ ധനകാര്യ സ്ഥാപനത്തിൻ്റെ ഇപ്പോഴത്തെ നില എന്താണെന്ന് പരിശോധിക്കേണ്ടേ. ഇതൊന്നും പരിശോധിക്കാതെ കമ്മീഷൻ വാങ്ങി ഭരണനേതൃത്വത്തിൻ്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിരിക്കുന്നത്. പതിനൊന്നാം നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യം ധനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാൽ, ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഈ കരാർ രേഖകൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്നും വി ഡി സതീശൻ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow