നികുതി കുറഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടി; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

May 24, 2022 - 01:22
 0
നികുതി കുറഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടി; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തില്‍ പെട്രോള്‍ വിലയില്‍(Petrol Price) പ്രതീക്ഷിച്ച കുറവുണ്ടാകാത്തതിന് വിശദീകരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍(KN Balagopal). നികുതി കുറഞ്ഞദിവസം തന്നെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയതാണ് ഇതിന് കാരണമെന്ന് ധനമന്ത്രി വ്യക്തമാക്കി. പെട്രോളിന് 79 പൈസ കൂട്ടി. ഇതാണ് 93 പൈസ ലീറ്ററിന് വില കൂടാന്‍ കാരണം.

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ കാര്യമായി വിലക്കുറവുണ്ടായില്ലായിരുന്നു. എന്നാല്‍ ഡീസലിന് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തിരുന്നു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത് എട്ടുരൂപയാണ്. കേരളത്തിലെ നികുതിയിനത്തില്‍ കുറഞ്ഞത് 2.41 രൂപയും. രണ്ടുംചേര്‍ന്ന് 10.41 രൂപയാണ് കുറയേണ്ടിയിരുന്നത്.

ജില്ലകളിലെ ശരാശരി പ്രകാരം ഞായറാഴ്ച സംസ്ഥാനത്ത് 9.40 രൂപയാണ് കുറഞ്ഞത്. ഒരു രൂപയുടെ ഇളവ് എവിടെപ്പോയെന്ന ചോദ്യമുയര്‍ന്നിരുന്നു. കേന്ദ്രതീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തില്‍ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പനനികുതി. ഇതിനുപുറമേ ഒരുരൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്.


തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം 9.31 രൂപ, കോഴിക്കോട് 9.42 രൂപ, കണ്ണൂര്‍ 9.54 രൂപ, വയനാട് 9.45 രൂപ, കാസര്‍കോട് 9.64 എന്നിങ്ങനെയാണ് കുറഞ്ഞത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ദ്ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. നാലര മാസത്തേക്ക് പിന്നീട് കൂടാതിരുന്ന ഇന്ധനവില പിന്നീട് മാര്‍ച്ച് 22 നാണ് വര്‍ധിച്ചത്. പ്രതിദിന വില വര്‍ധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണയാണ് വില വര്‍ധിച്ചത്. ലിറ്ററിന് ഏകദേശം 10 രൂപയുടെ വര്‍ധനവാണ് ഇക്കാലയളവിലുണ്ടായത്.


ഏപ്രില്‍ ആറിനാണ് ഈ വര്‍ധനവ് നിലച്ചത്. പിന്നീട് ഏകദേശം ഒന്നര മാസത്തോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow