ഇ-പാസ്‌പോര്‍ട്ടുകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം
പുതിയ ഇ-പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ പ്രക്രിയ സുഗമമാക്കാൻ ഇത് സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റിലൂടെ അറിയിച്ചു
2022-23 സാമ്പത്തിക വര്‍ഷം മുതല്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ (e-passports) വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ (Nirmala Seetharaman). രാജ്യത്തെ പൗരന്മാരുടെ സൗകര്യം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ചിപ്പ് (Chip) ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാന്‍ ഈ മാസത്തിന്റെ തുടക്കത്തിലാണ് വിദേശകാര്യ മന്ത്രാലയം പദ്ധതിയിട്ടത്. പതിവായി വിദേശയാത്ര നടത്തുന്നവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പ്രഖ്യാപനമാണിത്. ''പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള, മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പുതിയ സൗകര്യങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നത്'', വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
പുതിയ ഇ-പാസ്‌പോര്‍ട്ടുകള്‍ സുരക്ഷിതമായ ബയോമെട്രിക് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആഗോളതലത്തില്‍ ഇമിഗ്രേഷന്‍ പ്രക്രിയ സുഗമമാക്കാൻ ഇത് സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റിലൂടെ അറിയിച്ചു. വ്യാജ രേഖകള്‍ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.
ഇ-പാസ്‌പോര്‍ട്ട് ഐസിഎഒയ്ക്ക് (ICAO) അനുസരിച്ചുള്ളതായിരിക്കും. ''നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റ് പ്രസിന് ഇ-പാസ്‌പോര്‍ട്ടുകളുടെ നിര്‍മ്മാണത്തിനായി ഇലക്ട്രോണിക് കോണ്‍ടാക്റ്റ്‌ലെസ് ഇന്‍ലേകള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇന്ത്യന്‍ സര്‍ക്കാരിന്റെ പൊതുസ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്പിഎംസിഐഎല്‍) ഒരു അനുബന്ധ സ്ഥാപനമാണ് സര്‍ക്കാര്‍ പ്രസ്സ്. പ്രസ്സ് ടെന്‍ഡറും സംഭരണ പ്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിര്‍മ്മാണം ആരംഭിക്കേണ്ടത്.
നിലവില്‍ വിദേശയാത്ര ചെയ്യുന്നവര്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ് പരമ്പരാഗത ബുക്ക്‌ലെറ്റുകള്‍ പാസ്‌പോര്‍ട്ടായി നല്‍കുന്നു. 2019ല്‍ 12.8 മില്യണിലധികം പാസ്‌പോര്‍ട്ടുകള്‍ അതോറ്റികള്‍ വിതരണം ചെയ്തു. അക്കാലത്ത് ചൈന കഴിഞ്ഞാലുള്ള ഏറ്റവും വലിയ പാസ്‌പോര്‍ട്ട് വിതരണക്കാരായിരുന്നു ഇന്ത്യ.
എന്നിരുന്നാലും, പരമ്പരാഗത പാസ്‌പോര്‍ട്ടുകള്‍ പല വ്യാജ പ്രവര്‍ത്തനങ്ങൾക്കുമുള്ള സാധ്യത അവശേഷിപ്പിക്കുന്നു. ഇ-പാസ്പോർട്ട് ഈ സാധ്യതയെ പൂർണമായും ഇല്ലാതാക്കുന്നു. ഇ-പാസ്‌പോര്‍ട്ടിന്റെ പിന്‍കവറില്‍ ഒരു മൈക്രോ ചിപ്പ് ഒളിപ്പിച്ചിട്ടുണ്ടാകും. ഓരോ രാജ്യത്തിന്റെയും ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഈ ചിപ്പില്‍ ഉണ്ടാകും. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഇവ പരിശോധിച്ചുറപ്പിക്കാം.
ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ട് എന്ന ആശയം ഉയര്‍ന്നുവന്നത് 2017ലാണ്. അതിനുശേഷം, ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോര്‍ട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ട്. എല്ലാ പാസ്‌പോര്‍ട്ടുകളിലും ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാനും രാജ്യത്തിന് പദ്ധതിയുണ്ട്. കേന്ദ്രീകൃത സംവിധാനത്തിന് കീഴില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ചിപ്പ് അധിഷ്ഠിത ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
ഇ-പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ (ടിസിഎസ്) തിരഞ്ഞെടുത്തതായും സര്‍ക്കാര്‍ അറിയിച്ചു. 2008ല്‍ ആരംഭിച്ച പദ്ധതിയിലൂടെ പാസ്‌പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങൾ ഡിജിറ്റലാക്കി മാറ്റി. ഇതിലൂടെ സേവനങ്ങള്‍ ഓണ്‍ലൈനായി സമയബന്ധിതമായി നൽകാനും വിശ്വാസ്യതഉറപ്പിക്കാനും കഴിഞ്ഞു. ഈ ഘട്ടത്തില്‍ ഇ-പാസ്‌പോര്‍ട്ടിനായി പുതിയ ഫീച്ചറുകളും ടിസിഎസ് അവതരിപ്പിക്കും.
What's Your Reaction?