ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു; മധുരവിതരണം നടത്തി യൂത്ത് കോൺഗ്രസ്

ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പകരം എഡിഎം സന്തോഷ് കുമാറാണ് ചുമതല കൈമാറിയത്.

Aug 4, 2022 - 03:01
 0
ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു; മധുരവിതരണം നടത്തി യൂത്ത് കോൺഗ്രസ്

ആലപ്പുഴ ജില്ലാ കളക്ടറായി വി ആർ കൃഷ്ണ തേജ (VR Krishna Teja) ചുമതലയേറ്റു. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല. പകരം എഡിഎം സന്തോഷ് കുമാറാണ് ചുമതല കൈമാറിയത്.

കളക്ടറായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കൃഷ്ണ തേജയെ നിയമിച്ചത്. ശ്രീറാം ഇന്നലെ തന്നെ കളക്ടറുടെ ചുമതല ഒഴിഞ്ഞിരുന്നു.

ചട്ടം അനുസരിച്ച് ജില്ലാ ഭരണാധികാരിയാണ് ചുമതല കൈമാറേണ്ടത്. കളക്ടർ അല്ലെങ്കിൽ എഡിഎം ആണ് ഈ ചുമതല വഹിക്കുന്നത്. സിവിൽ സപ്ലൈസ് കോർപറേഷന്റെ കൊച്ചി ആസ്ഥാനത്തു ജനറൽ മാനേജരായാണു ശ്രീറാമിനു പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു കൃഷ്ണ തേജ.

ശ്രീറാം വെങ്കിട്ടരാമന് പകരം കൃഷ്ണ തേജ ചുമതലയേറ്റതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മധുരവിതരണം നടത്തി. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയതിനെതിരെ വിവിധ മേഖലകളിൽനിന്നും സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽനിന്നും വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് ശ്രീറാമിനെ സർക്കാർ നീക്കിയത്.

ആഡ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2016 മുതൽ 2019 വരെ ആലപ്പുഴ സബ് കളക്ടറായിരുന്നു. 2018 പ്രളയത്തില്‍ സര്‍വ്വതും ജലം കവര്‍ന്നെടുത്തവർക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ നല്‍കിയ 'ഐ ആം ഫോര്‍ ആലപ്പി' പദ്ധതിയുമായി ശ്രദ്ധ നേടിയ വ്യക്തിയാണ് കൃഷ്ണ തേജ. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള നിരവധി വ്യക്തികളും, സംഘടനകളും, സിനിമാ പ്രവര്‍ത്തകരുമുള്‍പ്പടെ നൂറു കണക്കിന് ആളുകളുടെ സഹായത്തോടെയാണ് ഇവയെല്ലാം പൂര്‍ത്തിയാക്കുന്നത്.

മൈലാവരപ്പ് ശിവാനന്ദ കുമാറിന്റേയും ഭുവനേശ്വരി മൈലാവരപ്പിന്റേയും മകനാണ് കൃഷ്ണ തേജ. അനുപുമാ നൂളി സഹോദരിയാണ്. ഭാര്യ രാഗദീപ മൈലാവരപ്പിനും മകന്‍ റിഷിത് നന്ദ മൈലാവരപ്പും. ജെഎന്‍ടിയു കാക്കിനടാ കോളജില്‍ നിന്നും റാങ്കോടെ എഞ്ചിനീയറിംഗ് പാസ്സായി സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റവെയര്‍ എഞ്ചിയനീയറായി ജോലി ചെയ്യുമ്പോഴാണ് സിവില്‍ സര്‍വ്വീസ് ലഭിക്കുന്നത്.2015 ഐഎഎസ് ബാച്ചിലെ 66-ാം റാങ്കുകാരനാണ്.

നേരത്തെ ജൂൺ 29ന് ഓഫീസിലെ അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്തുമെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കിയതിനാണ് ടൂറിസം വകുപ്പ് ഡയറക്ടര്‍ തസ്തികയില്‍ നിന്ന് കൃഷ്ണ തേജയെ മാറ്റിയത്. വിവാദ ഉത്തരവ് റദ്ദാക്കിയ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് കൃഷ്ണ തേജയോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. ജൂൺ 17ന് കൃഷ്ണ തേജ ഇറക്കിയ ഉത്തരവാണ് വിവാദത്തിലായത്.

What's Your Reaction?

like

dislike

love

funny

angry

sad

wow