കോണ്‍ഗ്രസിനെ 'പോണ്‍ഗ്രസ്' എന്ന തലക്കെട്ടില്‍ അശ്ലീലമായി ചിത്രീകരിച്ചു; വ്യാജ വാര്‍ത്ത നല്‍കി അപമാനിച്ചു; ദേശാഭിമാനിക്കെതിരെ പരാതി നല്‍കി പ്രതിപക്ഷനേതാവ്
കോണ്‍ഗ്രസ് നേതാക്കളെയും പാര്‍ട്ടിക്കെതിരെയും അധിക്ഷേപ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമനടപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ദേശാഭിമാനിക്കെതിരെ അദേഹം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കി. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും അധിക്ഷേപിച്ചു കൊണ്ട് ഏപ്രില്‍ 18 ന് ‘പോണ്‍ഗ്രസ്’എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെയാണ് പരാതി നല്‍കിയത്.
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെകെ ഷൈലജക്കെതിരെ സൈബര്‍ ആക്രമണത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്തയില്‍ നിന്ദ്യവും വൃത്തികെട്ടതുമായ ഭാഷയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിച്ചുവെന്നാണ് സതീശന്‍ ആരോപിക്കുന്നത്.
വാര്‍ത്ത നല്‍കിയതിന് പുറമെ ‘പോണ്‍ഗ്രസ് സൈബര്‍ മീഡിയ’ എന്ന തലക്കെട്ടിലുള്ള കാരിക്കേച്ചറില്‍ കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷ നേതാവ്, വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അശ്ലീല വീഡിയെ പ്രചരിപ്പിച്ചുവെന്നും സതീശന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
2022ല്‍ പ്രസ് കൗണ്‍സില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പ്രസ് കൗണ്‍സില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമാണ് ദേശാഭിമാനി വാര്‍ത്ത. അതിനാലാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
What's Your Reaction?