പത്തടിയോളം വിസ്തൃതി; എംസി റോഡില്‍ മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ ഗര്‍ത്തം
എംസി റോഡില്‍ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ഗര്‍ത്തം രൂപപ്പെട്ടു. അപ്രോച് റോഡില്‍ പാലത്തിന് സമീപത്തായി 10 മീറ്റര്‍ മാറിയാണ് ഗര്‍ത്തം രൂപപ്പെട്ടത്
എംസി റോഡില്‍ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ഗര്‍ത്തം രൂപപ്പെട്ടു. അപ്രോച് റോഡില്‍ പാലത്തിന് സമീപത്തായി 10 മീറ്റര്‍ മാറിയാണ് ഗര്‍ത്തം രൂപപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് പെട്ടന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി ഉണ്ടായത്. കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്.
സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത്. പെട്ടെന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്.
ഗര്‍ത്തം അനുനിമിഷം വലുതാകുന്നത് പരിഗണിച്ച് ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്ഥലത്ത് വണ്‍വേ സംവിധാനത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. നഗരത്തിലും എംസി റോഡിലും വൻഗതാഗതക്കുരുക്കിനു സാധ്യത ഉള്ളതിനാൽ പോലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും.
What's Your Reaction?