എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് യാത്രതുടങ്ങി

Jul 31, 2024 - 16:17
 0
എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് യാത്രതുടങ്ങി

നിറയെ യാത്രക്കാരുമായി എറണാകുളം-ബംഗളൂരു റൂട്ടില്‍ അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങി. എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12.50നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. എല്ലാ സീറ്റുകളിലും യാത്രക്കാരുമായാണ് ട്രെയിന്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. തൃശൂരിലും പാലക്കാട്ടുമാണ് കേരളത്തിലെ മറ്റു സ്‌റ്റോപ്പുകള്‍.

ഉത്സവ സമയത്ത് എറണാകുളം-ബംഗളൂരു റൂട്ടില്‍ ഏകദേശം 50,000 പേര്‍ യാത്ര ചെയ്യുമെന്നാണ് ഏകദേശ കണക്ക്. പലപ്പോഴും മാസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പോലും ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാറില്ല. അവസരം മുതലെടുക്കുന്ന സ്വകാര്യ ബസ് ഉടമകള്‍ ടിക്കറ്റ് നിരക്ക് 5,000 രൂപ വരെ ഉയര്‍ത്താറുണ്ട്. ഇത് പരിഹരിക്കാന്‍ സാധാരണ നിരക്കിലുള്ള ട്രെയിനുകളായിരുന്നു നേരത്തെ സ്പെഷ്യല്‍ സര്‍വീസായി ഓടിച്ചിരുന്നത്.

തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും 12 ട്രെയിനുകളാണ് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്നത്. എറണാകുളത്ത് നിന്നും ബംഗളൂരുവിലേക്ക് സാധാരണ എക്സ്പ്രസ് ട്രെയിനില്‍ സെക്കന്റ് സിറ്റിംഗിന് 215 രൂപയും എസി ചെയര്‍കാറിന് 785 രൂപയുമാണ് ഈടാക്കുന്നത്. വന്ദേഭാരത് സ്പെഷ്യല്‍ ട്രെയിനിലെത്തുമ്പോള്‍ ഇത് ചെയര്‍കാറിന് 1,465 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,945 രൂപയുമാകും.

എറണാകുളം ജംഗ്ഷന്‍ (സൗത്ത്) റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ എറണാകുളത്ത് നിന്നും (ട്രെയിന്‍ നമ്പര്‍ 06001) വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ (ട്രെയിന്‍ നമ്പര്‍ 06002) തിരിച്ചും സര്‍വീസ് നടത്തും. എറണാകുളം, തൃശൂര്‍, പാലക്കാട്, പോത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗളൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10ന് ബംഗളൂരുവിലെത്തും. രാവിലെ 5.30 ന് ബംഗളൂരുവില്‍ നിന്നും തിരിച്ച് ഉച്ചയ്ക്ക് 2.20 ന് എറണാകുളത്ത് എത്തുന്ന വിധത്തിലാണ് ക്രമീകരണം. ഇന്നു മുതല്‍ ആഗസ്റ്റ് 26 വരെ 24 ട്രിപ്പുകളാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 9 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രാ സമയം. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണം

What's Your Reaction?

like

dislike

love

funny

angry

sad

wow