'ശാസ്ത്രജ്ഞര്‍ മേപ്പാടി ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നത് വിലക്കി ഉത്തരവ്'; അത്തരം ഒരു നയം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി;

Aug 2, 2024 - 07:34
 0
'ശാസ്ത്രജ്ഞര്‍ മേപ്പാടി ദുരന്ത സ്ഥലം സന്ദര്‍ശിക്കുന്നത് വിലക്കി ഉത്തരവ്'; അത്തരം ഒരു നയം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി;

വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശം നല്‍കിയതായ വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം ഒരു നയം സംസ്ഥാന സര്‍ക്കാരിന് ഇല്ല. അങ്ങനെ ദ്യോതിപ്പികക്കുംവിധം ആശയവീനിമയം നടത്തിയത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉടനെ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചവെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇന്നലെ വൈകിട്ടാണ് പുറത്തിറങ്ങിയത്. ഇവര്‍ മുന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്ത് ദുരന്ത ബാധിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും ദുരന്തമേഖലയായി പ്രഖ്യാപിച്ച മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുത് എന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. സംസ്ഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചായത്തിലേക്ക് പഠനത്തിനോ ഫീല്‍ഡ് വിസിറ്റിനോ പോകരുതെന്നാണ് ഉത്തരവിലുള്ളത്.

ശാസ്ത്രജ്ഞരും ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരും മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും ഉത്തരവിലുണ്ട്. ഭാവിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്നും ഉത്തരവുണ്ട്. ദുരന്ത നിവാരണ പ്രിന്‍സപ്പല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയത്. ഈ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow