ഫോം-5 അപേക്ഷ പരിഗണിക്കുമ്പോൾ സ്ഥലപരിശോധന നടത്തുകയോ, അല്ലെങ്കിൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ പ്രകാരം ലഭ്യമായ ഉപഗ്രഹചിത്രങ്ങളും മറ്റ് രേഖകളും പരിശോധിക്കുകയോ ചെയ്ത് നിയമാനുസൃതമായ കാരണങ്ങൾ രേഖപ്പെടുത്തിയ സ്പീക്കിംഗ് ഓർഡർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ആ നിർദേശങ്ങൾ പാലിക്കാതെയാണ് വീണ്ടും അപേക്ഷ തള്ളിയത്.
തുടർന്ന് ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. കോടതി വിശദീകരണം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കാനും ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനും നിർദേശിച്ചെങ്കിലും അതും പാലിക്കപ്പെട്ടില്ല.
ഇത് അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതി വിലയിരുത്തിയത്. കോടതി ഉത്തരവുകൾ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും പാലിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കോടതി ഉത്തരവുകൾ മനഃപൂർവം അവഗണിക്കുന്നത് നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്നതും ജനങ്ങളുടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസത്തെ ബാധിക്കുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.