വസ്ത്രങ്ങൾക്കും ചെരിപ്പുകൾക്കും ഇനി വില കൂടും; ജനുവരി 1 മുതൽ GSTയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങൾ അറിയാം
ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ നടത്തുന്ന ഗതാഗതം അല്ലെങ്കിൽ റെസ്റ്റോറന്റ് സേവനങ്ങൾക്കും ഇതോടെ നികുതി അടയ്‌ക്കേണ്ടി വരും
2022 ജനുവരി ഒന്ന് മുതൽ ഇന്ത്യയിലെ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി (GST) നിരവധി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. ഈ മാറ്റങ്ങൾ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ജനുവരി 1 മുതൽ അതായത് അടുത്ത ശനിയാഴ്ച മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ നടത്തുന്ന ഗതാഗതം അല്ലെങ്കിൽ റെസ്റ്റോറന്റ് സേവനങ്ങൾക്കും ഇതോടെ നികുതി അടയ്‌ക്കേണ്ടി വരും. കൂടാതെ, ചെരുപ്പ്, ടെക്സ്റ്റൈൽ മേഖലകളിലെ നികുതി നിരക്കുകളിലും ശനിയാഴ്ച മുതൽ മാറ്റമുണ്ടാകും. എല്ലാ പാദരക്ഷകൾക്കും വില പരിഗണിക്കാതെ 12 ശതമാനം ജിഎസ്ടി ബാധകമാകും. അതേസമയം കോട്ടൺ (Cotton) ഒഴികെയുള്ള എല്ലാ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും 12 ശതമാനമായിരിക്കും ജിഎസ്ടി.
ജനുവരി 1 മുതലുള്ള ജിഎസ്ടി മാറ്റങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.
റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വില ഉയരും
ജനുവരി 1 മുതൽ ഇനി വസ്ത്രങ്ങൾക്കും ഷൂസിനും കൂടുതൽ വില നൽകേണ്ടി വരും. കാരണം ഈ ഇനങ്ങൾക്ക് മുമ്പ് ഈടാക്കിയിരുന്ന 5 ശതമാനത്തിന് പകരം 12 ശതമാനം ജിഎസ്ടിയാണ് സർക്കാർ ഈടാക്കാൻ ഒരുങ്ങുന്നത്. സർക്കാർ വിജ്ഞാപനമനുസരിച്ച്, വില പരിഗണിക്കാതെ എല്ലാ പാദരക്ഷകൾക്കും 12 ശതമാനം ജിഎസ്ടി ബാധകമാകും. എന്നാൽ വസ്ത്രങ്ങളുടെ കാര്യത്തിൽ കോട്ടൺ ഉപയോഗിച്ച് നിർമ്മിച്ചവ ഒഴികെ എല്ലാ റെഡിമെയ്ഡ് തുണിത്തരങ്ങൾക്കും 12 ശതമാനം ജിഎസ്ടി ബാധകമാകും. മുമ്പ് 5 ശതമാനം ജിഎസ്ടി നിരക്കിലാണ് ഇവ വിറ്റിരുന്നത്.
പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തെ എതിർത്തിരുന്നു. ഇതുമൂലം 15 മില്യൺ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നാണ് പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര അവകാശപ്പെടുന്നത്. പരുത്തി മേഖല ഇപ്പോൾ തന്നെ 70 ശതമാനം പണപ്പെരുപ്പത്തിന് താഴെയാണ്. നികുതി വർദ്ധനയുടെ നേരിട്ടുള്ള അനന്തരഫലമായി നിരവധി യൂണിറ്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുള്ളതിനാൽ നികുതി വർദ്ധനവിലൂടെ 7,000 കോടി രൂപ അധികമായി ലഭിക്കുമെന്ന സർക്കാർ കണക്ക് തെറ്റാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നികുതി വർദ്ധനവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ജിഎസ്ടി കൗൺസിലിൽ കേന്ദ്രം വിഷയം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു
ഓൺലൈൻ ഗതാഗത സേവനങ്ങളും ഇനി ജിഎസ്ടി പരിധിയിൽ
ഒല, ഊബർ പോലുള്ള ഓൺലൈൻ ഗതാഗത സേവനങ്ങൾ ഇന്ന് എല്ലാവർക്കും പരിചിതമായ കാര്യമാണ്. പ്രത്യേകിച്ച് മെട്രോ നഗരങ്ങളിൽ. ഏതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ഓട്ടോ അല്ലെങ്കിൽ ടാക്സി വിളിക്കുന്നതിന് 2022 ജനുവരി 1 മുതൽ 5 ശതമാനം നിരക്കിൽ നികുതി ബാധകമാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. മുമ്പ്, ക്യാബുകളുടെ റൈഡർമാരിൽ നിന്ന് സർക്കാർ 6 ശതമാനം സേവന നികുതി ഈടാക്കിയിരുന്നു. എന്നാൽ ഈ നീക്കം പുതിയ വർഷം മുതൽ നിങ്ങളുടെ ഒല അല്ലെങ്കിൽ ഊബർ റൈഡിന്റെ നിരക്കുകളിൽ ചെറിയ കുറവ് വരുത്തും. എന്നാൽ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ഓഫ്‌ലൈനായി നൽകുന്ന സേവനങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമല്ല. അതിന് നികുതികൾ ഈടാക്കില്ല.
സ്വിഗിയും സൊമാറ്റോയും ജിഎസ്ടി ഈടാക്കും
2022 ജനുവരി 1 മുതൽ, സ്വിഗ്ഗി, സൊമാറ്റോ എന്നിവയുൾപ്പെടെ എല്ലാ ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർക്കും മുകളിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ജിഎസ്ടി നടപടിക്രമങ്ങളിൽ മാറ്റം വരും. ഫുഡ് ഡെലിവറി ആപ്പുകൾ ജനുവരി 1 മുതൽ, അതായത് അടുത്തയാഴ്ച മുതൽ ജിഎസ്ടി ഈടാക്കാനും സർക്കാരിൽ നിക്ഷേപിക്കാനും ബാധ്യസ്ഥരാകും. അത്തരം സേവനങ്ങളുമായി ബന്ധപ്പെട്ട് ഇൻവോയ്‌സുകളും നൽകേണ്ടതുണ്ട്. എന്നാൽ നിലവിൽ റെസ്റ്റോറന്റുകൾ ജിഎസ്ടി ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നതിനാൽ ഉപഭോക്താവിന് അധിക നികുതി ഭാരം ഉണ്ടാകില്ല.
What's Your Reaction?